കൊച്ചി: ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ബി.എം.ഡബ്ള്യു, ഉപ ലക്ഷ്വറി ബ്രാൻഡായ മിനിയുടെ മൂന്ന് പുത്തൻ മോഡലുകൾ ഇന്ത്യയിലെത്തിച്ചു. ഓൾ-ന്യൂ മിനി 3-ഡോർ ഹാച്ച്, ഓൾ ന്യൂ മിനി കൺവെർട്ടിബിൾ, മിനി ജോൺ കൂപ്പർ വർക്ക്സ് ഹാച്ച് എന്നിവയാണ് വിപണിയിലെത്തിയത്. 3-ഡോർ ഹാച്ചിന് 38 ലക്ഷം രൂപ, മിനി കൺവെർട്ടിബിളിന് 44 ലക്ഷം രൂപ, ജോൺ കൂപ്പറിന് 45.5 ലക്ഷം രൂപ എന്നിങ്ങനെയാണ് വില.
പൂർണമായും ഇറക്കുമതി ചെയ്ത മോഡലുകളാണ് മൂന്നിനുമുള്ളത്. പെട്രോൾ എൻജിനാണ് ഹൃദയം. മൂന്നു മോഡലുകളും പ്രീമിയം ചെറുകാർ ശ്രേണിയിൽ മിനിക്ക് മികച്ച വില്പന നേട്ടം സമ്മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.എം.ഡബ്ള്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിപ്രം പവാ പറഞ്ഞു. മിനി 3-ഡോർ ഹാച്ചിനും കൺവെർട്ടിബിളിനും 2-ലിറ്റർ പെട്രോൾ എൻജിനാണുള്ളത്. ഹാച്ചിന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.7 സെക്കൻഡ് മതി; കൺവെർട്ടിബിളിന് 7.1 സെക്കൻഡ്.
മിനി ജോൺ കൂപ്പർ വർക്ക്സ് ഹാച്ച് 6.1 സെക്കൻഡ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കും. കഴിഞ്ഞ മാർച്ചിൽ പുതിയ മിനി കൺട്രിമാൻ മോഡലും ബി.എം.ഡബ്ള്യുവും ഇന്ത്യൻ വിപണിയിൽ എത്തിച്ചിരുന്നു.