തൊടുപുഴ: കൊവിഡ് കാലത്ത് മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരുടെ എണ്ണം കൂടുന്നു. അസ്വസ്ഥമായ മനസുമായി ഏറെപ്പേരുടെ ഫോൺ കോളുകളാണ് ദിവസവും ജില്ലാ മാനസിക ആരോഗ്യ വിഭാഗത്തിന്റെ ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ലഭിക്കുന്നത്. ഈ വർഷം ഇതുവരെ 1300 ഫോൺ വിളികളാണ് കൊവിഡുമായി ബന്ധപ്പെട്ട് ഹെൽപ്പ് ഡെസ്കിലെത്തിയത്. ഇതിൽ 300 എണ്ണം വിവിധ മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരായിരുന്നു. 276 പേർ ഉറക്കപ്രശ്നങ്ങളുമായും വിളിച്ചു. കൊവിഡ് രോഗത്തക്കുറിച്ചുള്ള പേടിയും ഉത്കണ്ഠയുമുള്ള 175 പേർ വിളിച്ചു. ഇതിൽ അഞ്ച് പേർക്ക് വിഷാദ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് തുടർചികിത്സയ്ക്ക് വിധേയരാകേണ്ടിയും വന്നു.

ജനുവരി മുതൽ കൊവിഡ് ബാധിതരുടെയും നിരീക്ഷണത്തിൽ കഴിയുന്നവരുടെയും മാനസിക സമ്മർദം കുറയ്ക്കാൻ ജില്ലാ മാനസികാരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കൗൺസിലിംഗ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജിതമാണ്. ഇതിനായി ജില്ലയിൽ 26 മാനസികാരോഗ്യ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ 90 കൗൺസിലർമാരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകിയിട്ടുണ്ട്. ഇവർ കൊവിഡ് ബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ഫോണിൽ ബന്ധപ്പെടുകയും പ്രശ്‌നങ്ങൾ കണ്ടെത്തുന്നവർക്ക് മാനസികാരോഗ്യ വിദഗ്ദ്ധന്റ സേവനം ലഭ്യമാക്കുകയും ചെയ്യും. ഒരു കൗൺസിലർ ഒരു ദിവസം 30 പേരെ ഫോണിൽ ബന്ധപ്പെടും. അഞ്ച് ദിവസം കൂടുമ്പോഴും വിളിച്ച് സുഖവിവരം അന്വേഷിക്കും. കൂടുതലും ഉറക്കപ്രശ്നങ്ങളും ഉത്കണ്ഠയുമാണ് വിളിക്കുന്നവർ പങ്കുവയ്ക്കുന്നത്. 1953 വയോജനങ്ങളെ വിളിച്ചും കൗൺസിലിംഗ് നടത്തിയിരുന്നു. ഇതുകൂടാതെ കുട്ടികൾക്കായി സ്റ്റുഡന്റ് പൊലീസിന്റെ സഹകരണത്തോടെ 'ചിരി" എന്ന പേരിൽ മാനസിക ഉല്ലാസ പരിപാടിയും നടത്തുന്നുണ്ട്. പണിക്കൻകുടി, വണ്ണപ്പുറം, പെട്ടിമുടി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ആദിവാസി മേഖലകൾക്കായി മാനസികാരോഗ്യ ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.

മുന്നണിപോരാളികൾക്കും ക്ലാസ്

കൊവിഡ് മുന്നണി പോരാളികളായ പൊലീസ്,​ ആരോഗ്യപ്രവർത്തകർ,​ ഫയർഫോഴ്സ് എന്നിവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനായി വിവിധ പദ്ധതികളും ജില്ലാ മാനസികാരോഗ്യ വിഭാഗം നടത്തുന്നുണ്ട്. ജോലി സ്ഥലത്തെ സമ്മർദ്ദം കുറയ്ക്കുന്നതിന് ഓരോ ബാച്ചായി ഓൺലൈനായാണ് പരിപാടി നടത്തുന്നത്. ഇതിനകം 20 ക്ലാസുകൾ കഴി‍ഞ്ഞു. ഇവർക്കായി പ്രത്യേക ഹെൽപ്പ്‌ലൈനും പ്രവർത്തിക്കുന്നുണ്ട്. കൊവിഡിനെ തുടർന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ പരിശീലനം മുടങ്ങിയിരുന്നു. ഇവർക്ക് ഓൺലൈനായി പരിശീലനം നൽകാനുള്ള സഹായം ചെയ്യുന്നുണ്ട്. സ്പെഷ്യൽ സ്കൂളിലെ 3223 കുട്ടികളെ ഫോണിൽ ബന്ധപ്പെട്ട് വേണ്ട സഹായങ്ങൾ ചെയ്തിരുന്നു.

' ഒന്നാം തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ ജനം കൂടുതൽ ഭയപ്പെട്ടിട്ടുണ്ട്. അതിനാൽ ഹെൽപ്പ് ഡെസ്കുകളിലേക്കടക്കം വിളിക്കുന്നവരുടെ എണ്ണം കൂടി. ഇതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങളും വർദ്ധിച്ചിട്ടുണ്ട്."
-ഡോ. അമൽ എബ്രഹാം ( ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ആഫീസർ)​

മെന്റൽ ഹെൽപ്പ് ഡെസ്ക് നമ്പർ

04862 226929

8330057178