തൊടുപുഴ: അടിക്കടി വൈദ്യുതി മുടക്കം , വിദ്യാർത്ഥികളുടെ ഓൺലൈൻ പഠനം പിന്നെങ്ങനെ നേരാംവണ്ണം നടക്കും. രാവിലെ മുതൽ രാത്രി വരെ തുടർച്ചയായി മിനിട്ടുകളുടെയും മണിക്കൂറുകളുടെയും വ്യത്യാസത്തിലാണ് വൈദ്യുതി പോവുകയും വരികയും ചെയ്യുന്നത്. കൊവിഡ് മൂലം സ്‌കൂളുകളിൽ പഠനം നടത്താനാവാത്ത സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തെ ആശ്രയിക്കുമ്പോഴാണ് ഇന്റർനെറ്റില്ലാത്തിന് പുറമെ വില്ലനായി വൈദ്യുതിമുടക്കം കടന്നു വരുന്നത്. എപ്പോൾ വരും എപ്പോൾ പോകും എന്നറിയാനാവാത്ത അവസ്ഥ. ഇതുമൂലം വിദ്യാർത്ഥികൾക്ക് വിക്ടേഴ്‌സ് ചാനലിലെ ക്ലാസ് കാണാൻ പലപ്പോഴും സാധിക്കുന്നില്ല. മാത്രമല്ല സ്‌കൂളിൽ നിന്ന് നേരിട്ടുള്ള ഓൺലൈൻ ക്ലാസിലും പങ്കെടുക്കാൻ സാധിക്കുന്നില്ല. ലോറേഞ്ചിലും ഹൈറേഞ്ചിലും ഒരു പോലെ വൈദ്യുതി ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഹൈറേഞ്ചിൽ കൃത്യമായി ടച്ച് വെട്ടാത്തതിനാൽ ചെറിയ കാറ്റ് വീശിയാൽ പോലും മരം വീണ് ലൈൻ കമ്പികൾ പൊട്ടും. പിന്നെ ആ ദിവസം വൈദ്യുതി നോക്കണ്ട. ലോറേഞ്ച് മേഖലയായ തൊടുപുഴയിൽ ഒരു കാരണവുമില്ലാത്ത അടിക്കടി വൈദ്യുതി പോകുന്നതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. തൊടുപുഴ ടൗണിൽ നിന്ന് അഞ്ച് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള പെരുമ്പിള്ളിച്ചിറ, ഇടവെട്ടി, മണക്കാട്, പഴുക്കാകുളം, കുമാരമംഗലം, തെക്കുംഭാഗം പ്രദേശങ്ങളിലുള്ളവരാണ് സ്ഥിരമായ വൈദ്യുതിമുടക്കത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഒരു ദിവസം പത്തിലേറെ തവണ വരെ വൈദ്യുതി മുടങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. ചില ദിവസങ്ങളിൽ രാവിലെ വൈദ്യുതി പോയാൽ ഉച്ചകഴിഞ്ഞാകും വരിക. അടിക്കടിയുള്ള വൈദ്യുതി മുടക്കം ചെറുകിട ഫാക്ടറികളുടെയും മില്ലുകളുടെയും പ്രവർത്തനത്തെയും സാരമായി ബാധിക്കുന്നുണ്ട്.
പരാതിക്ക് പരിഹാരമില്ല
നിരവധി തവണ പരാതി പറഞ്ഞിട്ടും ഇതുവരെ ഒരു പരിഹാരവും കാണുന്നില്ലെന്ന് ആക്ഷേപമുണ്ട്. പരാതി പറയാൻ വിളിച്ചാൽ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പലപ്പോഴും കൃത്യമായ മറുപടി ലഭിക്കാറില്ലെന്നും പരുഷമായ പെരുമാറ്റമുണ്ടാകാറുണ്ടെന്നും ഇവർ പറയുന്നു. പലതരത്തിലുള്ള അറ്റകുറ്റപണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് അധികൃതർ പറയുന്നത്.