തൊടുപുഴ :കൊവിഡ് ചികിത്സയിൽ ആയുർവേദം സ്വീകരിക്കുന്നവർ വർദ്ധിച്ച്വരുന്നതായി ദ്വിദിന ആയുർവേദ വെബിനാർ. ലക്ഷണമില്ലാത്തതും ലഘു ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ കാറ്റഗറി എ കൊവിഡ് രോഗികളിലാണ് ഇത് പ്രകടമായത്. ജില്ലയിൽ പന്ത്രണ്ടായിരം പേർ ആയുർവേദ ചികിത്സ സ്വീകരിച്ചതായി ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വെബിനാർ വിലയിരുത്തി. കേന്ദ്ര ഗവേഷണഫലം സൂചിപ്പിക്കുന്നതുപോലെ ആയുർവേദം ഉപയോഗപ്പെടുത്തുന്നവരിൽ കൂടുതൽ ഗുരുതരമായ ബി, സി കാറ്റഗറിയിലേയ്ക്ക് പോകാനുള്ള സാദ്ധ്യത കുറവാണ്. കൊവിഡിലെയും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളിലെയും ചികിത്സാനുഭവും നിരീക്ഷണങ്ങളും എന്ന വിഷയങ്ങളിലായിരുന്നു ദ്വിദിന വെബിനാർ നടന്നത്.
ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: കെ.പി. ശുഭ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ:റെൻസ് പി വർഗീസ് അദ്ധ്യക്ഷത വഹിച്ചു എറണാകുളം സോൺ സെക്രട്ടറി ഡോ: എം.എസ്. നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ഡോ: ലിജി ചുങ്കത്ത് , വൈസ് പ്രസിഡന്റ് ഡോ: മാത്യൂസ് വെമ്പിള്ളി , കട്ടപ്പന ഏരിയ സെക്രട്ടറി ഡോ: അരുൺ കെ രവി ഡോ: പി.എജോർജ്ജ്, ഡോ: പി.എൽജോസ് എന്നിവർ സംസാരിച്ചു. കൊവിഡ് റെസ്‌പോൺസ് സെൽ (ആയുർവേദം) ജില്ലാകൺവീനർ ഡോ: ശ്രീദർശൻ , ജില്ലാ മെമ്പർ ഡോ:ക്രിസ്റ്റി ജെ തുണ്ടിപറമ്പിൽ , ഡോ : ജിൽസൺ വി ജോർജ്ജ്, ഡോ: ആൻസി തോമസ്, ഡോ: പി. മിനി, ഡോ: കെ.കെ. ജീന, ഡോ: ടെലസ് കുര്യൻ ഡോ: സുവി വി എന്നിവർ വെബിനാറിന് നേതൃത്യം നൽകി.