തൊടുപുഴ: പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക ഒഴിവുകൾ അടിയന്തരമായി നികത്തണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് തൊടുപുഴ മേഖല വാർഷികം സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷത്തെ പഠനഅനുഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് അവരവരുടെ സ്വന്തം അദ്ധ്യാപകരുമായി ഓൺലൈൻ ആയി സംവേദിക്കുന്നതിനും സംശയങ്ങൾ തീർക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. പക്ഷേ,​ കേരളത്തിലാകെ കഴിഞ്ഞ രണ്ട് വർഷത്തെ അദ്ധ്യാപകരുടെ വിരമിക്കലിനെ തുടർന്ന്, ഏകദേശം 6000 അദ്ധ്യാപക തസ്തികകൾ സർക്കാർഅയ്ഡഡ് മേഖലയിലായി നിക്കാത്തപ്പെടാതെ കിടക്കുകയാണ്. ഇതിൽ പി.എസ്.സിയുടെ നിയമന ഉത്തരവ് ലഭിച്ച 1632 അദ്ധ്യാപകർ ഉൾപ്പെടുന്നു. പ്രധാന അദ്ധ്യാപകർ ഇല്ലാത്ത സ്‌കൂളുകളും അനവധിയാണ്. ഇതോടൊപ്പമുള്ള മറ്റൊരു പ്രധാന പ്രശ്‌നമാണ് ഇന്റർനെറ്റ് സേവനത്തിന്റെ അഭാവം. കെ ഫോൺ പദ്ധതിയിലൂടെ സ്ഥിതി മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇതരത്തിലുള്ള സാഹചര്യങ്ങൾ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കും. ജില്ലയിൽ ഇപ്രകാരം ഏകദേശം 500ൽ കുറയാത്ത ഒഴിവുകൾ നിലവിൽ ഉണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപക ഒഴിവുകൾ അടിയന്തരമായി നികത്തി വിദ്യാലയ കേന്ദ്രീകൃത ഓൺലൈൻ ക്ലാസുകൾക്ക് വേണ്ട നടപടികൾ കൈകൊള്ളണമെന്നും പരിഷത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനം പരിഷത്ത് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. പി.ഡി. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മേഖലാ സെക്രട്ടറി എസ്. അനൂപ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി.എം.സുകുമാരൻ വരവ് ചെലവ് കണക്കും വി.വി. ഷാജി പ്രമേയങ്ങളും അവതരിപ്പിച്ചു. ഭാരവാഹികളായി എസ്. അനൂപ് (പ്രസിഡന്റ്) പി.എൻ. രവീന്ദ്രൻ നായർ, ഇന്ദിരാ രവീന്ദ്രൻ (വൈസ് പ്രസിഡന്റ്), ടോംജോസഫ് (സെക്രട്ടറി) പി.എം. ജോസഫ് (ജോയിന്റ് സെക്രട്ടറി) പി.എം. സുകുമാരൻ(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.