അടിമാലി: കൊവിഡ് കൊവിഡാനന്തര ചികിത്സകൾക്കായി മൊബൈൽ ക്ലിനിക്കിന് രൂപം നൽകി പള്ളിവാസൽ ഗ്രാമപഞ്ചായത്ത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പള്ളിവാസൽ പഞ്ചായത്ത് നടത്തി വരുന്ന കരുതൽ പ്രവർത്തനങ്ങളുടെ തുടർച്ചയായിട്ടാണ് സഞ്ചരിക്കുന്ന ക്ലിനിക്കിന് രൂപം നൽകിയിട്ടുള്ളത്. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവരിലേക്ക് മൊബൈൽ ക്ലിനിക്കിന്റെ സേവനം എത്തും. ചിത്തിരപുരം സി എച്ച് സി, കല്ലാർ പി എച്ച് സി, ആയുഷ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ നിശ്ചിത ദിവസങ്ങളിൽ അലോപ്പതി, ആയ്യുർവ്വേദ, സിദ്ധ, ഹോമിയോ ഡോക്ടർമാരുടെയും നഴ്‌സിന്റെയും സോഷ്യോ സൈക്കോ കൗൺസിലറുടെയും സേവനം മൊബൈൽ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്ന് പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി ജി പ്രതീഷ് കുമാർ പറഞ്ഞു. മൊബൈൽ ക്ലിനിക്കിന്റെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു. ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി എസ് അഭിലാഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എ നിസാർ, പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.