ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ മക്കുവള്ളിയിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിന് വേണ്ട നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ടവർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി തഹസിൽദാർ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. കൂടുതൽ പ്രദേശങ്ങളും വനത്തിനുള്ളിൽ സ്ഥിതിചെയ്യുന്ന മക്കുവള്ളി വാർഡിലെ ചില സ്ഥലങ്ങളിൽ മാത്രമാണ് പരിമിതമായ രീതിയിലെങ്കിലും നെറ്റ് വർക്ക് കവറേജ് നിലവിലുള്ളത്. കുട്ടികൾ രണ്ടു കിലോമീറ്ററോളം നടന്ന് കുന്നിന്റെ മുകളിൽ പോയി ഇരുന്നാണ് പ്രവേശനോത്സവത്തിൽ പങ്കെടുത്തത്. ഇപ്പോൾ ഈ സ്ഥലം 'നെറ്റ് കുന്ന്' എന്ന പേരിലാണ് അറിയപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ ദീന ദയാൽ ഗ്രാമീണ ജ്യോതി യോജനയിൽ ഉൾപ്പെടുത്തി ഇവിടെ വൈദ്യുതി എത്തിയത് തന്നെ സമീപകാലത്താണ്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മക്കുവള്ളിയിലെ ജനങ്ങളുടെ ദുരിതം നേരിട്ടറിഞ്ഞ എൻ.ഡി.എ പ്രവർത്തകർ സ്ഥാനാർത്ഥിയായിരുന്ന അഡ്വ. സംഗീത വിശ്വനാഥിന്റെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകിയിരുന്നു. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് റവന്യൂ ഉദ്യോഗസ്ഥർ മക്കുവള്ളി, മനയത്തടം, കൈതപ്പാറ, എന്നീ മേഖലകൾ സന്ദർശിച്ചത്. സംഗീത വിശ്വനാഥൻ, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് വി. ജയേഷ്, വാർഡ് മെമ്പർ സ്മിത ദീപു, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് രതീഷ് വരകുമല, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് മനീഷ് കുടിക്കയത്ത്, ബി.ഡി.വൈ.എസ് ജില്ലാ പ്രസിഡന്റ് കെ.പി. ബിനീഷ്, യുവമോർച്ച ജില്ലാ ഉപാദ്ധ്യക്ഷൻ അനന്ദു മങ്കാട്ടിൽ, നേതാക്കളായ അമൽ, കണ്ണൻ തുടങ്ങിയവരും ഉദ്യോഗസ്ഥർക്കൊപ്പം ഉണ്ടായിരുന്നു. ടവർ സ്ഥാപിക്കുന്നതിനുള്ള സ്ഥലത്തിന്റെ രേഖകൾ വാർഡ് മെമ്പർ ഉദ്യോഗസ്ഥർക്ക് നൽകി. ഉടൻ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുമെന്നും താൽക്കാലിക ടവറുകളെങ്കിലും സ്ഥാപിച്ച് കുട്ടികൾക്കുള്ള പഠനസൗകര്യം ഒരുക്കുന്നതിനു വേണ്ട സത്വര നടപടികൾ സ്വീകരിക്കുമെന്നും തഹസിൽദാർ നാട്ടുകാർക്ക് ഉറപ്പുനൽകിയാണ് മടങ്ങിയത്.