നെടുങ്കണ്ടം: രേഖകളില്ലാതെ കരിങ്കല്ലുമായി എത്തിയ ടോറസ് ലോറി റവന്യൂ വകുപ്പ് അധികൃതർ പിടികൂടി. കൂട്ടാർ അല്ലിയാർ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പാറമടയിൽ നിന്ന് അന്യാർതൊളു ഭാഗത്തേക്ക് കല്ലുമായി പോയ വാഹനമാണ് ഉടുമ്പൻചോല ഡെപ്യൂട്ടി തഹസീൽദാർ ഹാരിസ് ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം പിടികൂടിയത്. നിലം നികത്തൽ കേസുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് പോകുന്ന വഴിമദ്ധ്യേയാണ് വാഹനം പിടികൂടിയത്. വാഹനത്തിൽ കല്ലുകൊണ്ടുപോകാൻ വേണ്ട അനുബന്ധ രേഖകൾ ഇല്ലാത്തതിനാലാണ് വാഹനം പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. വാഹനം മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ചുള്ള റിപ്പോർട്ട് ദേവികുളം സബ് കളക്ടർക്ക് സമർപ്പിച്ചു. ജിയോളജി വകുപ്പ് അധികൃതർ പരിശോധന നടത്തി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിഴയീടാക്കിയതിന് ശേഷം വാഹനം വിട്ട് നൽകുമെന്ന് റവന്യൂ അധികൃതർ അറിയിച്ചു. മുമ്പും കരിങ്കല്ല് അനധികൃതമായി കടത്തിയ കേസിൽ നിരവധി വാഹനങ്ങൾ താലൂക്കിൽ പിടികൂടിയിട്ടുണ്ട്.