ഇടുക്കി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് യുവാവ് കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേൽപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ നില അതീവ ഗുരുതരം. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ തൊടുപുഴ സ്വദേശി അജീഷ് പോൾ (38) ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിലാണ്. ബോധം വീണ്ടെടുത്തിട്ടില്ല. തലയിലും തോളെല്ലിനും പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയായ സി.ഐ ജി.എസ്. രതീഷിന്റെ (40) നില മെച്ചപ്പെട്ടു.
ചൊവ്വാഴ്ച രാവിലെ കാന്തല്ലൂർ പഞ്ചായത്തിലെ കോവിൽക്കടവ് ടൗണിൽ മാസ്‌ക് ധരിക്കാതെ നിന്ന യുവാവിനെ സി.ഐ ചോദ്യം ചെയ്തപ്പോൾ പ്രകോപിതനായ യുവാവ് അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പ്രതി കാന്തല്ലൂർ കോവിൽക്കടവ് സ്വദേശി സുലൈമാൻ (26) റിമാൻഡിലാണ്.