ഇടുക്കി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിന് ഒടുവിൽ ആശ്വാസവുമായി സംസ്ഥാന സർക്കാർ. സൗമ്യയുടെ മകന്റെ പേരിൽ അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സ്ഥിരം നിക്ഷേപം നടത്താനാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തത്. കുട്ടിയുടെ വിദ്യാഭ്യാസ ചെലവും സർക്കാർ വഹിക്കും. ഇസ്രയേലിലെ അഷ്‌കലോണിൽ കെയർ ടേക്കറായി ജോലി ചെയ്തിരുന്ന സൗമ്യ മേയ് 11നാണ് റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെടുന്നത്‌. എന്നാൽ സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചപ്പോഴും കീരിത്തോട്ടിലെ വീട്ടിൽ നടന്ന സംസ്കാര ചടങ്ങിലും സംസ്ഥാന സർക്കാർ പ്രതിനിധികളാരും പങ്കെടുക്കാത്തത് വിവാദമായിരുന്നു. സർക്കാർ കുടുംബത്തിന് ധനസഹായം നൽകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരനടക്കം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് വിവാദങ്ങൾ അനാവശ്യമാണെന്നും നാടുമുഴുവൻ സൗമ്യയുടെ കുടുംബത്തോടൊപ്പമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ സഹായം പ്രഖ്യാപിക്കുന്നത്. ഇതുകൂടാതെ ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയർക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇൻഷുറൻസ് തുകയായ നാല് ലക്ഷം രൂപ രണ്ട് ദിവസം മുമ്പ് സൗമ്യയുടെ കുടുബത്തിന് നോർക്ക റൂട്ട്സ് കൈമാറിയിരുന്നു.