ഇടുക്കി: ഓൺലൈൻ പഠനത്തിനായി ഇന്റർനെറ്റ് സൗകര്യം ഉറപ്പുവരുത്താൻ രാജമലയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ കളക്ടറുടെ ഉത്തരവ്. ഓൺലൈൻ പഠനത്തിനായി ദിവസേന ആറു കിലോമീറ്ററോളം സഞ്ചരിച്ചു ഇരവികുളം നാഷണൽ പാർക്കിലെത്തേണ്ടി വരുന്ന കുട്ടികളുടെ അവസ്ഥ പുറത്തുവന്നതോടെയാണ് ഇടപെടൽ. കളക്ടർ എച്ച്. ദിനേശൻ ദേവികുളം സബ് കളക്ടറിൽ നിന്ന് വിഷയത്തിൽ റിപ്പോർട്ട് തേടിയിരുന്നു. രാജമലയിൽ മൊബൈൽ ടവർ സ്ഥാപിച്ചാൽ മാത്രമേ റേഞ്ച് പ്രശ്‌നത്തിനു പരിഹാരംമുണ്ടാകൂവെന്നും ദുരന്ത നിവാരണ നിയമപ്രകാരം ടവർ സ്ഥാപിക്കാൻ ഉത്തരവിടണമെന്നും സബ് കളക്ടർ റിപ്പോർട്ട് നൽകിയിരുന്നു. രാജമലയിൽ റവന്യൂ വകുപ്പിനു കീഴിലുള്ള സ്ഥലത്ത് സ്വകാര്യ കമ്പനിയായ ജിയോ ആണ് ടവർ സ്ഥാപിക്കുക. ഇതിനായി ജില്ലാ ഭരണകൂടവും ജിയോ കമ്പനിയുമായി കരാറുണ്ടാക്കും. പതിനഞ്ചു ദിവസത്തിനുള്ളിൽ പ്രദേശത്ത് ടവർ സ്ഥാപിച്ചു ഫോർജി സൗകര്യം ഉറപ്പുവരുത്തുമെന്ന് ജിയോ കമ്പനി ഉറപ്പു നൽകിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനിടെ കണ്ണൻ ദേവൻ കമ്പനിക്കു കീഴിലുള്ള മറ്റ് എസ്റ്റേറ്റുകളിൽ നെറ്റ്‌വർക്ക് സൗകര്യം ഉറപ്പുവരുത്താൻ കളക്ടർ കമ്പനിക്ക് ജൂൺ അഞ്ചുവരെ സമയം അനുവദിച്ചിട്ടുണ്ട്.