നെടുങ്കണ്ടം: പാറത്തോട് വില്ലേജ് ഓഫീസറുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും നവമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ കെ.എസ്.യു സംസ്ഥാന സെക്രട്ടറിയടക്കം രണ്ട് പേർ അറസ്റ്റിൽ. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാലഗ്രാം കൂമ്പൻപറ പുതുപ്പുരക്കൽ വീട്ടിൽ അരുൺ രാജേന്ദ്രൻ (26), ബലാഗ്രം അമ്പത്തേക്കർ മാളിയേക്കൽ വീട്ടിൽ അനന്തു രാജപ്പൻ (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം. കൈക്കൂലി നൽകാത്തതിനാൽ ജാതി സർട്ടിഫിക്കറ്റ് നൽകിയെല്ലെന്നാരോപിച്ച് അരുണും അനന്തുവും പാറത്തോട് വില്ലേജോഫീസിലെത്തി വില്ലേജ് ഓഫീസറെ അധിക്ഷേപിക്കുകയും വീഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുമായിരുന്നെന്ന് നെടുങ്കണ്ടം പൊലീസ് പറഞ്ഞു.
അപകീർത്തികരമായ വീഡിയോ ദൃശ്യം ശ്രദ്ധിൽപ്പെട്ട വില്ലേജ് ഓഫീസർ കെ.എസ്.യു നേതാവ് കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയും മനപ്പൂർവം അധിക്ഷേപിക്കുകയും ചെയ്തതായി കാട്ടി ഉടുമ്പൻചോല തഹസിൽദാർക്ക് പരാതി നൽകി. തഹസിൽദാർ ഈ പരാതി നെടുങ്കണ്ടം പൊലീസിന് കൈമാറുകയായിരുന്നു. വില്ലേജ് ഓഫീസറുടെ പരാതിയിൽ അരുൺ രാജേന്ദ്രനെ ഒന്നാം പ്രതിയാക്കി മൂന്ന് പേർക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. ഇതിൽ രണ്ട് പേരാണ് പിടിയിലായത്. നെടുങ്കണ്ടം സി.ഐ വി.എ. സുരേഷിന്റെ നേതൃതത്തിലാണ് പ്രതികളെ അറസറ്റ് ചെയ്തത്. പ്രതികളെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു.