തൊടുപുഴ: ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുമ്പോൾ ജില്ലയ്ക്ക് പ്രതീക്ഷകളേറെയാണ്. തുടർച്ചയായ രണ്ട് പ്രളയം,​ കൊവിഡ് മഹാമാരിയെ തുടർന്നുള്ള രണ്ട് ലോക്ക്‌ ഡൗണുകൾ എന്നിവ തീർത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജില്ലയിലെ കാർഷിക, വ്യാപാര, വ്യവസായ, വിനോദസഞ്ചാര മേഖലകളെല്ലാം സർക്കാരിന്റെ കൈത്താങ്ങിനായി കാത്തിരിക്കുകയാണ്. കേവലം പാക്കേജ് പ്രഖ്യാപനമോ പണം വകയിരുത്താതെയുള്ള ടോക്കൺ പ്രൊവിഷൻ മാത്രമോ ആയി മാറാതെ മികച്ച പദ്ധതികളുണ്ടാകണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ജനുവരി 15ന് ഡോ. തോമസ് ഐസക് ബഡ്ജറ്റ് അവതിരിപ്പിച്ചതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടുക്കിയിലെത്തി 12000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. മിനി ബഡ്ജറ്റിന് സമാനമായി സർവതല സ്പർശിയായ അഞ്ച് വർഷം കൊണ്ട് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികൾക്ക് തുക വകയിരുത്തിയിരുന്നില്ല. ഇന്നത്തെ ബഡ്ജിറ്റിൽ ഈ പ്രഖ്യാപനങ്ങൾക്ക് തുക വകയിരുത്തിയാൽ തന്നെ വലിയ കാര്യമാകും. അതുകൂടാതെ കഴിഞ്ഞ ബഡ്ജറ്റിൽ ചെറുതും വലുതുമായി ആയിരം കോടി രൂപയ്ക്കടുത്ത് പദ്ധതികൾ ഇടുക്കിക്കായി പ്രഖ്യാപിച്ചെങ്കിലും ഭൂരിഭാഗം പദ്ധതികളും 100 രൂപയുടെ ടോക്കൺ അഡ്വാൻസ് മാത്രമായിരുന്നു. ഈ പദ്ധതികൾക്കും ആവശ്യമായ തുക അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൊവിഡും ലോക്ക്ഡൗണും മൂലം നിർജീവമായ വ്യാപാര വ്യവസായ മേഖലയ്ക്ക് ഉണർവേകുന്ന പദ്ധതികൾ ബഡ്ജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി ഇളവുകളും പ്രത്യേക ആനുകൂല്യങ്ങളും ബഡ്ജറ്റിൽ ഇടംനേടുമെന്ന് വ്യാപാരികൾ കരുതുന്നു.

പ്രധാനം കാർഷികമേഖല

പ്രളയത്തിലും കൊവിഡിലും തകർന്ന കാർഷികമേഖലയ്ക്ക് പ്രഥമ പരിഗണന തന്നെ നൽകേണ്ടതുണ്ട്. 2011- 12 ൽ 4623 കോടിയായിരുന്ന ജില്ലയുടെ കാർഷിക വരുമാനം 2018-19 ൽ 4225 കോടിയായി കുറഞ്ഞിരുന്നു. ഇത് പരിഹരിക്കാൻ രണ്ട് കാർഷിക സംസ്‌കരണ പാർക്കുകൾക്കുള്ള ആയിരം കോടിയടക്കം 3260 കോടിയാണ് അന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ഇതിന് തുക അനുവദിച്ചാൽ കാർഷികമേഖലയ്ക്ക് വലിയ ആശ്വാസമാകും. വിളനാശവും വിലയിടിവും ഇടനിലക്കാരുടെ ചൂഷണവും പരിഹരിക്കാൻ ബഡ്ജറ്റിൽ നടപടികളുണ്ടാകുമെന്നാണ് കരുതുന്നത്. കൃഷിയിടങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമാകുന്നതിനും പരിഹാരം വേണം. മറയൂർ ശർക്കരയ്ക്ക് ഭൗമ സൂചിക പദവി ലഭിച്ചെങ്കിലും വിലക്കുറവും വ്യാജ ശർക്കരയും കർഷകർക്ക് തിരിച്ചടിയായി. കരിമ്പ് കർഷകർക്ക് വേണ്ടത്ര ധനസഹായം പ്രഖ്യാപിച്ചാൽ കൃഷി നിലനിറുത്താനാകും. കാന്തല്ലൂരിലെ ശീതകാല പച്ചക്കറി കർഷകരും സർക്കാർ സഹായം പ്രതീക്ഷിക്കുന്നു. തേയില, കാപ്പി, ഏലം, റബർ കർഷകർ മെച്ചപ്പെട്ട താങ്ങുവില പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. മുട്ടം സ്‌പൈസസ് പാർക്കിന്റെ നിർമാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കുന്നതിനായുള്ള പ്രഖ്യാപനം ഉണ്ടാകണം. കുരുമുളക്, ജാതി, ഇഞ്ചി, മഞ്ഞൾ, ഗ്രാമ്പു, കറുകപ്പട്ട, കൊക്കോ, കാപ്പി എന്നിവയുടെ പുനരുദ്ധാരണ സ്‌കീമുകൾ വേണം. ക്ഷീര മേഖലയിലും സഹായം വേണം. ഗോത്രവർഗ വിഭാഗത്തിന്റെ പരമ്പാരാഗത കൃഷിക്കുള്ള സബ്‌സിഡി വർദ്ധിപ്പിക്കണം.

വിനോദമില്ലാതെ വിനോദസഞ്ചാരം
കൃഷി കഴിഞ്ഞാൽ ജില്ലയിലെ പ്രധാന വരുമാന മാർഗങ്ങളിലൊന്നായ വിനോദസഞ്ചാര മേഖല കൊവിഡിൽ പാടെ തകർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ മേഖലയെ സംരക്ഷിക്കാൻ പ്രത്യേക പദ്ധതികൾ വേണം. ഈ മേഖലെയ ആശ്രയിച്ച് ജീവിക്കുന്ന തൊഴിലാളികളെ സഹായിക്കണം.
ഇടുക്കി പാക്കേജിൽ പ്രഖ്യാപിച്ചിരുന്ന മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡൻ നിർമാണം ആരംഭിച്ചു. പരമ്പരാഗത റെയിലിന്റെ നടപടികളും തുടങ്ങി. ഇവയുടെ തുടർ പ്രവർത്തനത്തിനായി കൂടുതൽ തുക വകയിരുത്തേണ്ടതുണ്ട്. മറ്റ്

ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും പദ്ധതികളുണ്ടാകുമെന്നാണ് പ്രതീക്ഷ. ചെറുകിട ഹോട്ടലുകൾക്കും റസോർട്ടുകൾക്കും നികുതിയിളവ് ഉൾപ്പെടെയുള്ളവ പ്രതീക്ഷിക്കുന്നുണ്ട്.

ആരോഗ്യരംഗം ശക്തിപ്പെടുത്തണം

വേണ്ടത്ര ചികിത്സാ സൗകര്യമില്ലാത്തത് ജില്ല നേരിടുന്ന വലിയ പ്രതിസന്ധിയാണ്. ഇടുക്കി മെഡിക്കൽ കോളേജ് പൂർണമായും മെഡിക്കൽ കോളേജാകണമെങ്കിൽ ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ആവശ്യമാണ്. ഇതിന് തുക അനുവദിക്കേണ്ടതുണ്ട്. ഇതോടൊപ്പം പീരുമേട്,​ കുമളി പോലെയുള്ള മേഖലകളിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളോട് കൂടിയ ഒരു സർക്കാർ ആശുപത്രി ആവശ്യമാണ്. ജില്ലാ ആശുപത്രിയായി ഉയർത്തുന്ന ഉടുമ്പൻചോല താലൂക്ക് ആശുപത്രിക്കും കൂടാതെ തൊടുപുഴ ജില്ലാ ആശുപത്രിക്കായും തുക വകയിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനം


കിഫ്ബി പോലുള്ള ഫണ്ട് ഉപയോഗിച്ച് കൂടുതൽ റോഡുകളും പാലങ്ങളും നിർമിക്കണം. വാഗമൺ- കുട്ടികക്കാനം റോഡ് ഈരാറ്റുപേട്ട- വാഗമൺ റോഡ്, മുറിഞ്ഞപുഴ- പാഞ്ചാലിമേട് റോഡ് എന്നിവ വീതി കൂട്ടി പുതിയ നിലവാരത്തിലെത്തിക്കേണ്ടതുണ്ട്. ഇടുക്കി രണ്ടാം വൈദ്യുതി പദ്ധതിക്ക് തുക വകയിരുത്തി പ്രവർത്തനങ്ങൾ ആരംഭിക്കണം. കൂടുതൽ പദ്ധതികളിലൂടെ ജില്ലയിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണം. കൂടാതെ ഇപ്പോൾ ആദിവാസി മേഖലയിലെ കുട്ടികൾ നേരിടുന്ന വലിയ വെല്ലുവിളിയായ ഇന്റർനെറ്റിന്റെ വേഗതക്കുറവാണ്. അത് പരിഹരിക്കാൻ കൂടുതൽ ടവർ സ്ഥാപിക്കാൻ നടപടി വേണം. തോട്ടം ഉടമകളേയും തൊഴിലാളികളെ സംരക്ഷിക്കാനും പതിറ്റാണ്ടുകളായി അടഞ്ഞ് കിടക്കുന്ന തോട്ടങ്ങൾ തുറക്കാനും പദ്ധതി വേണം.