ജർമ്മൻ ബാങ്ക് അനുമതി ലഭിച്ചാൽ ഉടൻ റോഡ് നിർമ്മാണ.മെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തൊടുപുഴ: പൊതുമരാമത്ത് വകുപ്പ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ നെയ്യശ്ശേരി- തോക്കുമ്പൻ സാഡിൽ റോഡിന്റെ ടെണ്ടർ നടപടി ജർമൻ ബാങ്കിന്റെ അനുമതി ലഭിച്ചാൽ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി. ടെണ്ടർ നടപടികളും നിർമാണ പ്രവർത്തനവും തുടങ്ങാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പി.ജെ. ജോസഫ് എം.എൽ.എ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. 32 കിലോമീറ്റർ നീളം വരുന്ന റോഡ് വികസന പദ്ധതി ജർമ്മൻ ബാങ്ക് ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്. റോഡിനുള്ള 191.99 കോടി രൂപയുടെ ഭരണാനുമതി ആസൂത്രണ സാമ്പത്തിക കാര്യവകുപ്പിൽ നിന്നും കഴിഞ്ഞ ആഗസ്റ്റിൽ ലഭിച്ചതാണ്. 150.16 കോടി രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. തൊമ്മൻകുത്ത് മുതൽ മുണ്ടൻമുടി വരെയുള്ള 1.50 കിലോമീറ്റർ റോഡിൽ 0.996 ഹെക്ടർ വനഭൂമി റോഡ് ആവശ്യത്തിനായി ലഭ്യമായിട്ടുണ്ട്. ഇതിനായി കെ.എസ്.ടി.പി 10.38 ലക്ഷം രൂപ വനം വകുപ്പിൽ അടച്ചിട്ടുണ്ട്. മരംമുറിക്കുന്നതിനും അനുബന്ധ റോഡ് നിർമാണത്തിനുമാണ് വനം വകുപ്പിൽ നിന്ന് അനുമതി ലഭിച്ചിട്ടുള്ളത്. റോഡ് നിർമാണ പ്രവർത്തിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ടെണ്ടർ നടപടികളുടെ അനുമതിക്കായി ജർമ്മൻ ബാങ്കിന് സമർപ്പിച്ചിട്ടുണ്ടെന്നും അനുമതി ലഭിച്ചാൽ ഉടൻ പ്രവർത്തി ടെണ്ടർ ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തൊമ്മൻകുത്ത്, ആനചാടിക്കുത്ത്, കോട്ടപ്പാറ, മീനുളിയാൻ പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് ഉതകുന്നതാണ് നിർദ്ദിഷ്ട റോഡെന്നും പി.ജെ. ജോസഫ് പറഞ്ഞു. കരിമണ്ണൂരിൽ നിന്ന് ആരംഭിച്ച് തൊമ്മൻകുത്ത്, ആനചാടികുത്ത്, നാരുംകാനം, മുണ്ടൻമുടി, വണ്ണപ്പുറം, കോട്ടപ്പാറ, മുള്ളരിങ്ങാട്, വെള്ളക്കയം, മീനുളിയാൻപാറ, പട്ടയക്കുടി വഞ്ചിക്കൽ വരെയാണ് നിർദ്ദിഷ്ട റോഡ്. കരിമണ്ണൂർ, വണ്ണപ്പുറം പഞ്ചായത്തുകളുടെ വികസനത്തിന് ആക്കം കൂട്ടുന്നതാണ് നെയ്യശ്ശേരി- തോക്കുമ്പൻസാഡിൽ റോഡു വികസന പദ്ധതി.
പി. ജെ. ജോസഫ് എം. എൽ. എ