തൊടുപുഴ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ഭാരതീയ ചികിത്സാ വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ നടന്നുവരുന്ന 'പുനർജനി" പദ്ധതി കൊവിഡ് മുക്തരായ നിരവധിപ്പേർക്ക് ആശ്വാസമാകുന്നു. കൊവിഡ് നെഗറ്റീവായതിന് ശേഷവും കണ്ടു വരുന്ന ശ്വാസംമുട്ടൽ,​ ക്ഷീണം, വിശപ്പില്ലായ്മ തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകൾക്കും മറ്റ് വിഷമതകൾക്കും സൗജന്യമായി പാർശ്വഫലമില്ലാത്ത ആയുർവേദ ചികിത്സകൊണ്ട് പ്രയോജനം ലഭിക്കുന്ന പദ്ധതിയാണ് പുനർജനി. നിലവിലുള്ള ഒ.പി സേവനത്തിന് പുറമേ ഇനി മുതൽ അർഹരായവർക്ക് കിടത്തി ചികിത്സ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പുനർജനി ഐ.പി സംവിധാനത്തിന്റെ ഉദ്ഘാടനം ജൂൺ അഞ്ചിന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഫിലിപ്പ് നിർവഹിക്കും. നിലവിൽ ആശുപത്രിയിൽ സജ്ജീകരിച്ചിരിക്കുന്ന ആയുർരക്ഷാ ക്ലിനിക്ക് വഴി ഭേഷജം (കൊവിഡ് രോഗികൾക്ക്), അമൃതം (നിരീക്ഷണത്തിലുള്ളവരുടെ പ്രതിരോധത്തിന്), സ്വാസ്ഥ്യം ( 60 വയസിന് താഴെയുള്ളവരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധത്തിനും), സുഖായുഷ്യം (60ന് മുകളിൽ പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധത്തിനും) എന്നീ പദ്ധതികളുടെ സൗജന്യ സേവനം വിജയകരമായി നടന്നു വരുന്നു. വിദദ്ധരായ ഡോക്ടർമാരും പരിശീലനം സിദ്ധിച്ച ആശുപത്രി ജീവനക്കാരുമാണ് ആയുർരക്ഷാ ക്ലിനിക്കുകളിൽ സേവനമനുഷ്ഠിക്കുന്നത്.

ഔഷധ സസ്യപ്രദർശനം

ഇതോടൊപ്പം ജില്ലാ ആയുർവേദ ആശുപത്രിയിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഞ്ചിന് ഔഷധ സസ്യങ്ങളുടെയും ആയുർവേദ ഔഷധ മൂലികകളുടെയും പ്രദർശനം സംഘടിപ്പിക്കും. കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാവുന്ന ആയുർവേദ ഔഷധങ്ങളാണ് പ്രധാനമായും ഒരുക്കിയിരിക്കുന്നത്. അന്നേ ദിവസം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പ്രദർശനം ഉദ്ഘാടനം ചെയ്യും. പരിശീലനം സിദ്ധിച്ച ഡോക്ടർമാരും മറ്റ് ജിവനക്കാരുമാണ് ഇതിന് നേതൃത്വം നൽകുന്നത്. ഔഷധങ്ങളെ തിരിച്ചറിയാനും കൃഷി ചെയ്യാനും തക്കവണ്ണം പരിചയപ്പെടുത്തുക, ഉപയോഗക്രമങ്ങളെപ്പറ്റി പൊതുജനങ്ങൾക്ക് ശാസ്ത്രീയ അവബോധം നൽകുക എന്നിവയാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഇതോടൊപ്പം ജിവിതശൈലി രോഗങ്ങളുടെയും പകർച്ചവ്യാധികളുടെയും പ്രതിരോധത്തിനാവശ്യമായ ദിനചര്യകൾ ഉൾപ്പെടുന്ന വീഡിയോ പ്രദർശനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാഗാർജുന ഹെർബൽ കോൺസൻട്രേറ്റുമായി ചേർന്ന് സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ ഭാരതീയ ചികിത്സാവകുപ്പിന്റെ ആയുർരക്ഷാ ക്ലിനിക്കിലെ പ്രധാന ഔഷധങ്ങളായ അപരാജിത ധൂപം, ഷഡംഗം കഷായം മുതലായ ഓഷധങ്ങളുടെ കൂട്ടുകളും നിർമ്മാണ വിധിയും ഉപയോഗക്രമവുമെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. രാവിലെ 10നാണ് പ്രദർശനം ആരംഭിക്കുക. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഉദ്ഘാടന ചടങ്ങും പ്രദർശനവും നടക്കുകയെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.