തൊടുപുഴ: കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൊടുപുഴ ഗാന്ധി സ്‌ക്വയർ മാർക്കറ്റിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി നഗരസഭ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. മാർക്കറ്റ് റോഡിലും, സമീപ വ്യാപാര സ്ഥാപനങ്ങളിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ജനങ്ങൾ കൂട്ടം കൂടുന്നതായും വാഹനങ്ങൾ എത്തുന്നതായും നഗരസഭ കണ്ടെത്തിയിരുന്നു. ഇത്തരം നിയമലംഘനങ്ങൾ നഗരത്തിൽ വീണ്ടും രോഗവർദ്ധനവിന് കാരണമാകുമെന്ന് നഗരസഭ ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ചെയർമാൻ അടിയന്തിമായി വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് കർശന നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി സർക്കാർ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ലംഘിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമെതിരെ നടപടിയുണ്ടാകും. ഹോൾസെയിൽ പച്ചക്കറി വ്യാപാരം തിങ്കൾ, ബുധൻ, വെളളി, ശനി ദിവസങ്ങളിൽ വെളുപ്പിന് 2 മണി മുതൽ രാവിലെ 10 വരെയേ അനുവദിക്കുകയുളളു. ഈ സമയങ്ങളിൽ മാത്രമേ വലിയ ചരക്ക് വാഹനങ്ങൾ മാർക്കറ്റ് റോഡിൽ പ്രവേശിക്കാൻ പാടൊളളു. രാവിലെ 10 ന് ശേഷം മാത്രമാണ് വില്പനക്കുളള പച്ചക്കറികൾ സംഭരിക്കുന്നതിന് ചെറിയ വാഹനങ്ങൾക്ക് പ്രവേശനാനുമതി. മറ്റ് സ്വകാര്യ വാഹനങ്ങൾ മാർക്കറ്റ് റോഡിൽ പാർക്ക് ചെയ്യാൻ പാടില്ല.. റോഡ് സൈഡിലും ഫുട്പാത്തിലും വ്യാപാരം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളിൽ പരമാവധി ജീവനക്കാരെ കുറയ്ക്കണം.
കൊവിഡ് പരിശോധന
ശനിയാഴ്ച രാവിലെ 10 മുതൽ മുനിസിപ്പൽ മൈതാനിയിൽ നഗരസഭ കൊവിഡ് രോഗ പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. എല്ലാ വ്യാപാര സ്ഥാപന ഉടമകളും, ജീവനക്കാരും നിർബന്ധമായും പരിശോധനയ്ക്ക് വിധേയരാകണം. ടെസ്റ്റിന് മുന്നോടിയായി ഉടമകൾ സ്ഥാപനത്തിന്റെ പേരും ജീവനക്കാരുടെ പേരും, മൊബൈൽ ഫോൺ നമ്പരും നഗരസഭയിൽ നൽകണമെന്നും ചെയർമാൻ അറിയിച്ചു.
യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ.കരിം, വാർഡ് കൗണസിലർ അഡ്വജോസഫ് ജോൺ, നഗരസഭ സെക്രട്ടറി ബിജുമോൻ ജേക്കബ്, മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, സെക്ടറൽ മജിസ്ട്രറ്റ്, റവന്യു, പൊലീസ്, ആരോഗ്യ വകുപ്പുകളുടെ പ്രതിനിധികൾ, മാർക്കറ്റിലെ ഹോൾസെയിൽ റീട്ടെയിൽ വ്യാപാരികൾ എന്നിവർ പങ്കെടുത്തു.