തൊടുപുഴ: ലക്ഷദ്വീപിലെ ജനാധിപത്യം തകർത്ത് സംഘപരിവാറിന്റെ വർഗീയ അജണ്ട നടപ്പാക്കാനുള്ള അഡ‍്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ ജനങ്ങൾ ഒന്നാകെ അണിനിരക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ പറഞ്ഞു. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടൂറിസത്തിന്റെ മറവിൽ ദ്വീപുകളാകെ കോർപ്പറേറ്റുകൾക്ക് കൈമാറാനുള്ള നീക്കമാണ് ഏകാധിപത്യ ഭരണകൂടം നടത്തുന്നത്. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിനുള്ള അവകാശം പോലും നിഷേധിക്കുന്നു. പഞ്ചായത്തുകൾക്ക് കൈമാറിയ അധികാരങ്ങളെല്ലാം അഡ്മിനിസ്ട്രേറ്റർ തിരിച്ചെടുത്തിരിക്കുകയാണ്. ഇത്തരത്തിലുള്ള ജനാധിപത്യ വിരുദ്ധതയ്ക്കും വർഗീയവത്ക്കരണത്തിനും കോർപ്പറേറ്റുവത്ക്കരണത്തിനുമെതിരെയുള്ള പോരാട്ടം ശക്തിപ്പെടേണ്ടതുണ്ടെന്ന് കെ കെ ശിവരാമൻ പറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിൽ അംഗം കെ. സലിം കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി എം .എം. റഷീദ്, എം .എം മാത്യു കുട്ടി,അഡ്വ. ഇ .എ റഹിം, ഇ എസ് അലീൽ എന്നിവർ പങ്കെടുത്തു.