തൊടുപുഴ: കേന്ദ്ര സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫ്ലാഗ്ഷിപ്പ് പദ്ധതിയായ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട പുതിയ എൻ. എച്ച് 85 (കൊച്ചി- തേനി) ഗ്രീൻ ഫീൽഡ് വാണിജ്യ ഇടനാഴി പദ്ധതി നിർവ്വഹണത്തിനായുള്ള നടപടികൾ ആരംഭിച്ചു. കേരളത്തിന്റെ മദ്ധ്യഭാഗത്ത് കൂടി കൊച്ചി മുതൽ തമിഴ്‌നാട്ടിലേക്കുള്ള യാത്രക്ക് വളരെയധികം സമയ ലാഭമുണ്ടാകാവുന്ന പദ്ധതി യാഥാർത്ഥ്യമായാൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന പദ്ധതിയായി മാറും. കേരളത്തിൽ പദ്ധതിയുടെ 80 ശതമാനവും ഇടുക്കി ലോക്സഭാ മണ്ഡലത്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് ഡീൻ കുര്യാക്കോസ് . എം.പി പറഞ്ഞു. പദ്ധതി പുതിയ അലൈൻമെന്റ് കേന്ദ്രസംസ്ഥാന സർക്കാരുകൾ അംഗീകരിച്ചതിനു ശേഷം സ്ഥലമേറ്റെടുക്കലിനായുള്ള പ്രത്യേക ആഫീസ് ക്രമീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. എറണാകുളം മരട് മുതൽ തമിഴ്‌നാട് അതിർത്തിയിൽ ചതുരംഗപ്പാറ വില്ലേജ് വരെ നീണ്ട് നിൽക്കുന്ന ബൃഹത് പദ്ധതിയാണ് പുതിയ ഭാരത് മാല എൻ. എച്ച് 85. നിലവിലുള്ള കൊച്ചി- ധനുഷ്‌കോടി ദേശീയപാതയുമായി ഒരിടത്തും ഈ പദ്ധതി കൂട്ടിമുട്ടുന്നില്ല.

പാത കടന്നുപോകുന്ന പ്രദേശങ്ങൾ

എറണാകുളം കണയന്നൂർ താലൂക്കിലെ മരട് തെക്കുംഭാഗം, നഡമ, കുരീക്കാട്, തിരുവാങ്കുളം വില്ലേജുകളും കുന്നത്തുനാട് താലൂക്കിലെ തിരുവാണിയൂർ, ഐക്കരനാട് സൗത്ത് വില്ലേജുകളും മൂവാറ്റുപുഴ താലൂക്കിലെ രാമമംഗലം, മേമ്മുറി, ഓണക്കൂർ, തിരുമാറാടി, മാറാടി, ആരക്കുഴ, മൂവാറ്റുപുഴ, മഞ്ഞള്ളൂർ, ഏനാനല്ലൂർ, കല്ലൂർക്കാട്, വില്ലേജുകളും കോതമംഗലം താലൂക്കിലെ കടവൂർ, നേര്യമംഗലം വില്ലേജുകളും ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലെ കുമാരമംഗലം, കോടിക്കുളം, വണ്ണപ്പുറം, ഉടുമ്പന്നൂർ വില്ലേജുകളും ദേവികുളം താലൂക്കിലെ മന്നാംകണ്ടം വെള്ളത്തൂവൽ വില്ലേജുകളും ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി, തങ്കമണി വില്ലേജുകളും ഉടുമ്പൻചോല താലൂക്കിലെ ഉടുമ്പൻചോല, കൽക്കൂന്തൽ, പാമ്പാടുംപാറ, കരുണാപുരം, പാറത്തോട്, ചതുരംഗപ്പാറ വില്ലേജുകൾ.

'പുതിയ എൻ. എച്ച് 85 (കൊച്ചി- തേനി) ഗ്രീൻ ഫീൽഡ് വാണിജ്യ ഇടനാഴി കേരളത്തിന്റെ മുഖച്ഛായ മാറ്റും. ഈ പദ്ധതിയുൾപ്പെടെ, കഴിഞ്ഞ ബഡ്ജറ്റിൽ ദേശീയപാത വികസനത്തിനായുള്ള 66,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ ഉപരിതല ഗതാഗത മന്ത്രാലയം രൂപകൽപന ചെയ്തിട്ടുള്ളത്. തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡിനു സമാന്തരമായിട്ടുള്ള ആറ് വരി പാതയും കേന്ദ്ര പരിഗണനയിലാണ്. സ്ഥലമേറ്റെടുപ്പിനായുള്ള ഓഫീസ് നടത്തുന്നതിനായുള്ള ഉത്തരവ് പുറത്തിറങ്ങിയാൽ താമസിയാതെ തന്നെ എൻ.എച്ച് ആക്ട് അനുസരിച്ച് സ്‌പെഷ്യൽ ആഫീസറെ നിയമിച്ചുകൊണ്ടുള്ള നോട്ടിഫിക്കേഷൻ പുറത്ത് വരും. തുടർന്ന് പരാതികൾ പരിഹരിച്ച് സ്ഥലമേറ്റെടുപ്പും നഷ്ട പരിഹാര വിതരണവും പൂർത്തിയാക്കി നിർമ്മാണത്തിലേക്ക് കടക്കും. നിർമ്മാണമാരംഭിക്കുന്നതിന് മുമ്പുള്ള നടപടികൾക്ക് ആറ് മാസമാണ് സമയം പ്രതീക്ഷിച്ചിരിക്കുന്നത്."

- ഡീൻ കുര്യാക്കോസ് എം.പി