karimannoor

കരിമണ്ണൂർ: പന്നൂരിൽ യുവാവ് അതിക്രമിച്ചു കയറി വീട് അടിച്ചു തകർത്തു. പന്നൂർ കുരുവേലിൽ ബെന്നി പോളിന്റെ വീട്ടിലാണ് അയൽവാസിയായ യുവാവ് ആക്രമണം നടത്തിയത്. സംഭവത്തിൽ കുന്നപ്പള്ളിൽ തോമസ് ബെന്നിക്കെതിരെ കരിമണ്ണൂർ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മദ്യലഹരിയിൽ വീട്ടിലെത്തിയ തോമസ് വാതിലുകളും ജനലുകളും അടിച്ചു തകർക്കുകയായിരുന്നു. ബെന്നിയും കുടുംബാംഗങ്ങളും വീടിനകത്തായിരുന്നതിനാൽ ഇയാളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. വിവരം അറിഞ്ഞു രാത്രി തന്നെ കരിമണ്ണൂർ പൊലീസ് സ്ഥലത്തെത്തി പ്രതിക്കായി അന്വേഷണം ആരംഭിച്ചു. തോമസിനെ കുറിച്ച് ബെന്നി മോശമായി സംസാരിച്ചെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയതെന്നും പ്രതി ഒളിവിലാണെന്നും കരിമണ്ണൂർ സി.ഐ കെ. ഷിജി പറഞ്ഞു. ഏതാനും നാളുകളായി ഇയാൾ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. പ്രതിയെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് ആവശ്യപ്പെട്ടു.