tappioca

തൊടുപുഴ: കൊവിഡ്- 19 മഹാമാരി കാലത്ത് കപ്പ വിൽക്കാനാവാതെ ദുരിതം അനുഭവിക്കുന്ന കർഷകരിൽ നിന്ന് കോലാനി ക്ഷീര സംഘം കപ്പ സംഭരിച്ച് വിതരണം ചെയ്യുന്നു. കർഷകർക്ക് കപ്പയുടെ താങ്ങുവില 12 രൂപയും ഹോർട്ടികോർപ്പ് വഴി രജിസ്റ്റർ ചെയ്തിട്ടുള്ള കർഷകർക്ക് മൂന്നുരൂപയും കൂട്ടി 15 രൂപയും ലഭിക്കും. തൊടുപുഴ കൃഷി ആഫീസർ തോംസൺ ജോഷ്വ പദ്ധതി ഉദ്ഘാടനം ചെയ്തു. തൊടുപുഴ ക്ഷീര വികസന ഓഫീസർ റിനു തോമസ് കർഷകരിൽ നിന്ന് കപ്പ ഏറ്റുവാങ്ങി. ആദ്യ വിൽപ്പന സംഘം പ്രസിഡന്റ് കെ.ജെ. മാത്യുവിൽ നിന്ന് ബേക്ക് ആൻഡ് ഫ്ലക്‌സ് ബേക്കറി ഉടമ കെ.ആർ. ഹരിദാസ് സ്വീകരിച്ചു. സംഘത്തിൽ നിന്ന് ക്ഷീരകർഷകർക്ക് ഈ കപ്പ എട്ട് രൂപയ്ക്കും പുറത്തുള്ളവർക്ക് 10 രൂപയ്ക്കുമാണ് ഒരു കിലോഗ്രാം വിതരണം ചെയ്യുന്നത്. കൊവിഡ് മഹാമാരിയെ തുടർന്ന് കടകൾ അടച്ചതോടെ കപ്പയുടെ വില വലിയ തോതിൽ ഇടിഞ്ഞിരുന്നു. ഉത്പാദനം ഗണ്യമായി കൂടിയെങ്കിലും ഇത് ഉണക്കി സംഭരിക്കാൻ സംവിധാനം ഇല്ലാത്തതും തിരിച്ചടിയായി.