തൊടുപുഴ: തൊടുപുഴ നഗരത്തിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഇന്നും നാളെയും എല്ലാവരും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തയ്യാറാകണമെന്ന് ചെയർമാൻ സനീഷ്‌ ജോർജ്ജ് അഭ്യർത്ഥിച്ചു. കൊവിഡിനൊപ്പം മഴക്കാലത്ത് ഉണ്ടാകാൻ സാധ്യതയുള്ള പകർച്ചവ്യാധികൾ തടയുന്നതിനുള്ള കരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ശുചീകരണം സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭയിലെ എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ചുപേരിൽ കൂടാത്ത ചെറുസംഘങ്ങളായി തിരിഞ്ഞാകും ശുചീകരണം നടത്തുന്നത്. 20 മുതൽ 25 വരെ വീടുകൾ ഉൾപ്പെടുന്ന ചെറുയൂണിറ്റുകളായി ഓരോ വാർഡിനെയും വിഭജിച്ച് ഓരോ പ്രദേശത്തും താമസിക്കുന്നവർ അവരവരുടെ വീടും പരിസരവും പൊതു ഇടങ്ങളും മാലിന്യമുക്തമാക്കുന്നതിനും പകർച്ചവ്യാധി സാധ്യത ഒഴിവാക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടണം. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു. ശേഖരിക്കുന്ന മാലിന്യങ്ങൾ സുരക്ഷിതമായി നീക്കുന്നതിനും സംസ്‌കരിക്കുന്നതിനും ആവശ്യമായ നടപടികൾ നഗരസഭ സ്വീകരിച്ചിട്ടുണ്ട്. ഇതിനായി ശുചിത്വ മിഷൻ, ക്ലീൻകേരള കമ്പനി എന്നിവയുടെ സഹായവും ഉറപ്പുവരുത്തും.

മരങ്ങൾ മുറിച്ചുനീക്കണം

സ്വകാര്യ ഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരശിഖരങ്ങളും ഉടമകൾ തന്നെ മുറിച്ചു നീക്കണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും ഉത്തരവാദിത്തവും നഷ്ടപരിഹാരം നൽകുന്നതിനുള്ള ബാധ്യതയും ഉടമകൾക്കുണ്ടാകണമെന്നും ദുരന്തനിവാരണ നിയമം പ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരും. പൊതു സ്ഥലങ്ങളിലും റോഡരികിലും സ്ഥാപിച്ചിട്ടുള്ള കാലപ്പഴക്കം ചെന്ന പരസ്യബോർഡുകളും ഹോർഡിംഗുകളും ബലവത്താണ് എന്ന് ഉറപ്പുവരുത്തണം. ഇവ കാറ്റിൽ മറിഞ്ഞുവീണ് നഷ്ടവും ജീവഹാനിയും ഉണ്ടാകില്ലെന്ന് അവ സ്ഥാപിച്ചിട്ടുള്ള പരസ്യ സ്ഥാപനങ്ങളും കമ്പനികളും ഉറപ്പുവരുത്തണമെന്നും ചെയർമാൻ അറിയിച്ചു.