തൊടുപുഴ: കൊവിഡ് പ്രതിസന്ധിയ്ക്കിടയിലുള്ള കെ.എൻ. ബാലഗോപാലിന്റെ കന്നി ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്കും അതിജീവനത്തിനും ഊന്നൽ നൽകിയ പ്പോൾ ഇടുക്കിയടക്കമുള്ള ജില്ലകൾക്ക് പ്രത്യേകമായ പ്രഖ്യാപനങ്ങളൊന്നുമില്ല. ആറ് മാസം മുമ്പ് തോമസ് ഐസക് അവതരിപ്പിച്ച ബഡ്ജറ്റിന്റെ തുടർച്ചയായതിനാലാകണം ജില്ല തിരിച്ച് കൂടുതൽ പ്രഖ്യാപനങ്ങളില്ലാത്തത്. എങ്കിലും പൊതുവായ പ്രഖ്യാപനങ്ങളിൽ മിക്കതും ഇടുക്കിക്കും ഗുണം ചെയ്യുന്നതാണ്. അതേസമയം കഴിഞ്ഞ ബഡ്ജറ്റിൽ ഇടുക്കിക്കുള്ള മിക്ക പ്രഖ്യാപനങ്ങളും നൂറു രൂപ മാത്രം വകയിരുത്തി ടോക്കൺ പ്രൊവിഷൻ മാത്രമാണെന്ന ആക്ഷേപമുണ്ടായിരുന്നു. ഈ ബഡ്ജറ്റിൽ അതിന് തുക വകയിരുത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. മുഖ്യമന്ത്രി ജില്ലയിലെത്തി പ്രഖ്യാപിച്ച 12000 കോടി രൂപയുടെ പാക്കേജിനും പണം അനുവദിച്ചില്ല. പ്രളയത്തിലും കൊവിഡിലും പൂർണമായി തകർന്ന കാർഷിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ല. ജില്ല ഏറെ പ്രതീക്ഷിച്ചിരുന്ന ശബരി റെയിൽ, മൂന്നാർ പരമ്പരാഗത റെയിൽ, എയർസ്ട്രിപ്പ്, ഇടുക്കി മെഡിക്കൽ കോളേജ് തുടങ്ങിയവയെക്കുറിച്ചൊന്നും ബഡ്ജറ്റിൽ പ്രഖ്യാപനങ്ങളില്ല.
വിളവെടുപ്പ് പോര
വൻപ്രതിസന്ധി നേരിടുന്ന ജില്ലയിലെ കാർഷിക മേഖലയ്ക്ക് വേണ്ടത്ര പരിഗണന ബഡ്ജറ്റിലുണ്ടായില്ല. മരച്ചീനി, കിഴങ്ങുകൾ, മാങ്ങ, ചക്ക എന്നിവയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുന്നതിനുള്ള പദ്ധതി ഇവ ഏറ്റവുമധികം കൃഷി ചെയ്യുന്ന ജില്ലയ്ക്കും ഗുണം ചെയ്യും. റബർ സബ്‌സിഡി കുടിശിക നൽകാൻ തുക അനുവദിച്ചത് കർഷകർക്ക് ആശ്വാസമാണ്. സംസ്ഥാനത്തൊട്ടാകെ അഞ്ച് അഗ്രോ പാർക്കുകൾ സ്ഥാപിക്കുമെന്നതും കുടംബശ്രീ വഴിയുള്ള വിഷരഹിത പച്ചക്കറികളുടെ സംഭരണവും വിതരണവും ജില്ലയ്ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതികളാണ്. തേയില, കാപ്പി, ഏലം, റബർ കർഷകർ മെച്ചപ്പെട്ട താങ്ങുവില പ്രഖ്യാപിക്കുമെന്ന് കരുതിയെങ്കിലുമുണ്ടായില്ല. ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ക്ഷീര മേഖലയ്ക്കും കാര്യമായ സഹായമൊന്നുമുണ്ടായില്ല.
കരുത്തോടെ ആരോഗ്യം
കൊവിഡ് മൂന്നാം തരംഗമുണ്ടായാൽ നേരിടുന്നതിനായി ജില്ലാ ആശുപത്രികളിൽ പീഡിയാട്രിക് ഐ.സി.യു സജ്ജമാക്കുമെന്ന പ്രഖ്യാപനം തൊടുപുഴ ജില്ലാ ആശുപത്രിയ്ക്ക് കിട്ടിയേക്കും. മെഡിക്കൽ കോളേജുകളിൽ പകർച്ച വ്യാധികൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ബ്ലോക്ക് പ്രഖ്യാപിച്ചത് ഇടുക്കി മെഡിക്കൽ കോളേജിന് ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇടുക്കി മെഡിക്കൽ കോളേജിൽ അദ്ധ്യയനം ആരംഭിക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും പരാമർശിക്കാത്തത് നിരാശയുണ്ടാക്കി.
തോട്ടം മേഖലയ്ക്ക് താങ്ങ്
അടച്ചുപൂട്ടിയ തോട്ടങ്ങൾ തുറക്കാൻ നടപടിയില്ലെങ്കിലും തോ ട്ടം മേഖലയുടെ വികസനത്തിനും ഭരണപരമായ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും പ്ലാന്റേഷൻ ഡയറക്ട്രേറ്റ് ശക്തിപ്പെടുത്തുമെന്നുള്ള ജില്ലയ്ക്കാണ് ഏറ്റവും പ്രയോജനം ചെയ്യുന്നത്. തോട്ടംമേഖലയുടെ വൈവിധ്യവത്കരണവും പ്രതീക്ഷ നൽകുന്ന പദ്ധതിയാണ്. വിവിധങ്ങളായ വിളകളുടെ കൃഷി വ്യാപനം ഉണ്ടാകും. ആറ് മാസത്തിനകം നയം രൂപവത്കരിച്ച് പദ്ധതി തയ്യാറാക്കുമെന്നാണ് പ്രഖ്യാപനം.
ടൂറിസത്തിന് പുനരുജ്ജീവനം
വിനോദ സഞ്ചാര മേഖലയ്ക്കുള്ള പുനരുജ്ജീവന പാക്കേജ് ജില്ലയിലുള്ള ആയിരക്കണക്കിന് പേർക്ക് സഹായകരമാകും. എന്നാൽ ടൂറിസം സർക്യൂട്ട് പ്രഖ്യാപിച്ചപ്പോൾ തേക്കടിയെയും മൂന്നാറിനെയും പരിഗണിച്ചില്ല. ഒപ്പം മൂന്നാറിലെ ടൂറിസം ട്രെയിനിനെക്കുറിച്ചും എയർസ്ട്രിപ്പിനെക്കുറിച്ചും ബഡ്ജറ്റിൽ ഒന്നും പറയുന്നില്ല.