തൊടുപുഴ: ബഡ്ജറ്റിൽ ജില്ലയെ അവഗണിച്ചതായി ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു. പതിനായിരം കോടിയടക്കം മുമ്പ് പ്രഖ്യാപിച്ച ഒരു പാക്കേജിനെ സംബന്ധിച്ചും ബഡ്ജറ്റിൽ സൂചനയില്ല. കാർഷിക മേഖലയിൽ വായ്പകൾ കൂടുതൽ നൽകുമെന്നതൊഴിച്ചാൽ വായ്പകൾ എഴുതി തള്ളുന്നതിനോ പലിശ ഒഴിവാക്കുന്നത് ഉൾപ്പെടെ കർഷകരെ സഹായിക്കുന്നതിനോ ഒരു പ്രഖ്യാപനവും ഇല്ല. ക്ഷീരകർഷകർക്ക് നേരിട്ട് സഹായം ലഭിക്കുന്ന പദ്ധതി, പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കൽ, നിലവിൽ കൃഷിഭവനിലൂടെ നൽകുന്ന കൃഷി നാശങ്ങൾക്കുള്ള സഹായധനം ഉയർത്തൽ, നഷ്ടപ്പെട്ട തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിക്കാൻ പ്ലാന്റേഷൻ മേഖലയിലെ പാക്കേജ്, കർഷകരുടെ വായ്പ എഴുതിത്തള്ളൽ, പലിശയും പിഴപ്പലിശയും ഒഴിവാക്കൽ, കാട്ടാന അക്രമങ്ങൾക്കെതിരെ ക്രിയാത്മക നടപടി തുടങ്ങിയവ ജില്ലയിലെ ജനങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും ബഡ്ജറ്റിൽ പരാമർശങ്ങൾ ഇല്ല.
ശബരി റെയിൽ പാത, ഇടുക്കി മെഡിക്കൽ കോളേജിൽ അദ്ധ്യയനം ആരംഭിക്കൽ, ഭൂപതിവ് ചട്ടം ഭേദഗതി തുടങ്ങിയ പ്രധാന കാര്യങ്ങൾക്കും ബഡ്ജറ്റിൽ ഊന്നൽ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.