കൊവിഡ്- 19 മഹാമാരിയുടെ പെട്ടെന്നുള്ള വ്യാപനംമൂലമുള്ള പ്രത്യാഘാതങ്ങളെ അതിജീവിക്കുന്നതിന് ഉതകുന്നതാണ് അവതരിപ്പിച്ച ബഡ്ജറ്റ്. ആരോഗ്യരംഗത്ത് പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികൾ ഇടുക്കിക്ക് ഏറെ പ്രതീക്ഷയുണ്ട്. എല്ലാ സി.എച്ച്.സികളിലും താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലും പകർച്ച വ്യാധികൾക്കായി പത്ത് കിടക്കകൾ വീതമുള്ള ഐസൊലേഷൻ വാർഡുകൾ നിർമ്മിക്കുന്നതും മെഡിക്കൽ കോളേജിൽ പ്രത്യേക ബ്ലോക്ക് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും ഇടുക്കിയോടുള്ള പ്രത്യേക കരുതലാണ്. കേരള ബാങ്കിലൂടെ കുറഞ്ഞ പലിശയ്ക്ക് കാർഷിക വായ്പ ലഭ്യമാക്കുന്നതും കർഷകരുടെയും കിഫ്ബിയുടെയും പങ്കാളിത്തതോടെ അഗ്രോപാർക്കുകൾ സ്ഥാപിക്കുന്നതും പഴവർഗ്ഗങ്ങൾ സുഗന്ധവ്യജ്ഞനങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് വിവിധ മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വ്യാവസായികാവശ്യങ്ങൾക്ക് ഉതകുന്നവിധമുള്ള ഉല്പാദനവും കാർഷികമേഖലയ്ക്ക് ഉണർവേകുന്നതാണ്. ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള ഇടുക്കിക്ക് ഒട്ടേറെ പദ്ധതികൾ ഈ കാലയളവിൽ നടപ്പിലാക്കാനാകും.