ചെറുതോണി: കുളമാവ് വടക്കേപുഴ തടാകം നവീകരിക്കണമെന്ന് ആവശ്യം ശക്തമാകുമ്പോഴും സർക്കാരിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമില്ല. തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയുടെ ഭാഗമായ കുളമാവിന് സമീപമാണ് വടക്കേപ്പുഴ തടാകം സ്ഥിതിചെയ്യുന്നത്. ഇടുക്കി പദ്ധതിയുടെ ഭാഗമായ കുളമാവ് അണക്കെട്ടിലേക്ക് മറ്റൊരു ഭാഗത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളം പമ്പ് ചെയ്ത് ഡാമിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് മുമ്പ് ഈ തടാകം നിർമ്മിച്ചത്. എന്നാൽ ഏറെ ടൂറിസം സാധ്യതകളും ഈ തടാകത്തിനുണ്ട്. ജില്ലയിലെ പ്രധാന പാതയായ തൊടുപുഴ പുളിയൻമല സംസ്ഥാന പാതയുടെ സമീപത്ത് കുളമാവിൽ കാണുന്ന ഈ വടക്കേ പുഴ തടാകം മോടി പിടിപ്പിക്കുന്നതിനും സന്ദർശകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാനും സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രദേശവാസികൾ ഏറെ നിരാശരാണ്. ജനപ്രതിനിധികൾ കാലാകാലങ്ങളിൽ നടത്തുന്ന പ്രഖ്യാപനങ്ങളല്ലാതെ വടക്കേപ്പുഴ ടൂറിസം പദ്ധതി ഇതേ വരെ ഫലം കണ്ടില്ലെന്ന് നാട്ടുകാരും പറയുന്നു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ 2015ൽ വടക്കേപുഴ പദ്ധതി നവീകരിക്കുന്നതിന് വേണ്ടി ഒരു കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ ആ ഫണ്ട് വിനിയോഗിച്ച് യാതൊന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ധാരാളം ടൂറിസം സാധ്യതകൾ
സംസ്ഥാനപാതയിൽ യാത്ര ചെയ്യുന്ന ആളുകൾ എപ്പോഴും ഇവിടെത്തുമ്പോൾ തടാകത്തിന് സമീപം വിശ്രമിക്കുന്ന പതിവുണ്ട്. കാലഭേദമില്ലാതെ എക്കാലവും ജലസമൃദ്ധമായ വടക്കേപ്പുഴ തടാകത്തിൽ പെഡൽ ബോട്ട് ഏർപ്പെടുത്തുകയും കൊടൈക്കനാൽ മോഡലിൽ തടാകത്തിനു സമീപം ഇരിപ്പിടങ്ങൾ ഒരുക്കുകയും ചെയ്ത് വടക്കേപ്പുഴ ടൂറിസം പദ്ധതി നാടിന് പ്രയോജനകരമാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ടൂറിസം പദ്ധതി യാഥാർത്യമായാൽ വിനോദസഞ്ചാര മേഖലയ്ക്കും വൈദ്യുതി വകുപ്പിനും വലിയ പ്രയോജനമാകും.