വണ്ടിപ്പെരിയാർ: ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ വാഹനത്തിൽ യുവതിക്ക് സുഖപ്രസവം. വണ്ടിപ്പെരിയാർ പഞ്ചായത്ത് നാലാം വാർഡ് വാളാർഡി എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കണ്ണൻ- വത്സല ദമ്പതികളുടെ മകളാണ് വാഹനത്തിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. വ്യാഴാഴ്ച രാത്രി ഒമ്പതോടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് വാർഡ് മെമ്പറും ബന്ധുക്കളും ടാക്‌സി വിളിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ചോറ്റുപാറയ്ക്കും അറുപത്താറാം മൈലിനും ഇടയിൽ വാഹനത്തിൽ വച്ച് തന്നെ യുവതി പെൺകുഞ്ഞിന് ജന്മം നൽകുകയായിരുന്നു. വാർഡ് മെമ്പർ കെ. മാരിയപ്പൻ മെഡിക്കൽ ആഫീസർ ഡോൺബോസ്‌കോയെ ഫോണിലൂടെ വിവരങ്ങൾ അറിയിക്കുകയും തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കുമളി പ്രാഥമിക ആശുപത്രിയിലെത്തിച്ച് പുക്കിൾകൊടി മുറിച്ച് മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് വിദദ്ധ ചികിത്സയ്ക്കു വേണ്ടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.