ഇടുക്കി : പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ നാടിന് സമ്മാനിച്ചത് ഏഴ് പച്ചത്തുരുത്തുകൾ.കൊന്നത്തടി,ഇരട്ടയാർ ഗ്രാമപ്പഞ്ചായത്തുകളും കട്ടപ്പന മുനിസിപ്പാലിറ്റിയുമാണ് വൈവിധ്യമാർന്ന വൃക്ഷലതാദികളുൾപ്പെട്ട പച്ചത്തുരുത്തുകളൊരുക്കുന്നത്.കൊന്നത്തടിയിൽ അഞ്ച് പച്ചത്തുരുത്തുകൾക്കാണ് ഇന്നലെ തുടക്കമിട്ടത്.
പണിക്കൻകുടി ഗവ.യുപിസ്‌കൂൾ വിട്ടു തന്ന പത്ത് സെന്റ് ഭൂമിയിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് രമ്യ റെനീഷ് പച്ചത്തുരുത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.മുനിയറ ഗവ. സ്‌കൂളിന്റെ 10 സെന്റിലും മുക്കുടം ഗവ. സ്‌കൂളനുവദിച്ച 10സെന്റ് സ്ഥലത്തും ഇന്നലെ പച്ചത്തുരുത്തുകളുടെ നിർമ്മാണത്തിന് തുടക്കമായി.പഞ്ചായത്തിലെ മരക്കാനം വാർഡിലെ കൊന്നത്തടി പഞ്ചായത്ത് യുപി സ്‌കൂൾ (10സെന്റ്) മുതിരപ്പുഴ വാർഡിലെ ഇഞ്ചപ്പതാൽ ഗവ. എൽപിസ്‌കൂൾ(10സെന്റ്) എന്നിങ്ങനെയും പച്ചത്തുരുത്തുകൾക്ക് തുടക്കമിട്ടു.
കട്ടപ്പന തവളപ്പാറയിൽ 1000മുളകളുടെ പച്ചത്തുരുത്താണ് ഒരുക്കുന്നത്. മഴക്കാലത്ത് ഉരുൾ പൊട്ടൽ ഭീഷണിയുള്ള പ്രദേശമാണ് ഇവിടം. ചെമ്പകപ്പാറ പി എച്ച് സി അങ്കണത്തിലാണ് ഇരട്ടയാർ ഗ്രാമപ്പഞ്ചായത്ത് പച്ചത്തുരുത്തൊരുക്കുന്നത്.
കൂടാതെ മുട്ടം, ഉടുമ്പന്നൂർ, രാജകുമാരി, മാങ്കുളം, അടിമാലി, പാമ്പാടുംപാറ,ശാന്തമ്പാറ ഗ്രാമപ്പഞ്ചായത്തുകളിൽ ഓരോ പച്ചത്തുരുത്തുകളുടെ പുനരുദ്ധാരണവും ഇന്നലെ നടന്നു.