മുട്ടം: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി യുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.ജില്ലാ കോടതി വളപ്പിൽ ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് സ്നേഹ തുരുത്ത് എന്ന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും, ഡി.എൽ. എസ് .എ ചെയർമാനുമായ മുഹമ്മദ് വസിം ഉദ്ഘാടനം ചെയ്തു.ഡി എൽ എസ് എ സെക്രട്ടറിയും സബ് ജഡ്ജുമായ സിറാജുദ്ദീൻ പി എ, ജഡ്ജിമാർ,തൊടുപുഴ ബാർ അസോസിയേഷൻ ഭാരവാഹികൾ , അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രതിനിധികൾ , ജില്ലാകോടതി സ്റ്റാഫ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
. മുട്ടം ഗ്രാമ പഞ്ചായത്തിൽ ഓരോ വാർഡിലും മെമ്പർമാർ ബഹുജനങ്ങൾ, സേന,യുവജനങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ,ഹരിത കർമ്മ സേന എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ യഞ്ജവും വൃക്ഷ തൈകളുടെ നടീലും സംഘടിപ്പിച്ചു.പഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടനം പ്രസിഡന്റ് ഷൈജ ജോമോൻ നിർവ്വഹിച്ചു. പൊതു ഇടങ്ങളാണ് ഇന്നലെ ശുചീകരിച്ചത്.ഇന്ന് വീടുകൾ കേന്ദ്രീകരിച്ചുള്ള ശുചീകരണം നടത്തും.
ജില്ലാ ജയിലിൽ പരിസരം ശുചീകരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു.വനം വകുപ്പിൽ നിന്ന് ലഭിച്ച അഞ്ഞൂറോളം വൃക്ഷത്തൈകളാണ് ഉദ്യോഗസ്ഥരും അന്തേവാസികളും ചേർന്ന് നട്ടത്. വൃക്ഷത്തൈ നടീൽ ഉദ്ഘാടനം ജില്ലാ ജയിൽ സൂപ്രണ്ട് സമീർ എ നിർവഹിച്ചു. വെൽഫെയർ ഓഫീസർ ഷിജോ തോമസ്, ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരായ എ ആർ സന്തോഷ്, അനിൽകുമാർ, മറ്റ് ഉദ്യോഗസ്ഥർ, അന്തേവാസികൾ എന്നിവർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.
കുടയത്തൂർ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരണം നടത്തുകയും വിവിധ ഇനങ്ങളിലുള്ള വൃക്ഷതൈകൾ നടുകയും വിതരണം നടത്തുകയും ചെയ്തു. പഞ്ചായത്ത് തലത്തിലുള്ള ഉദ്ഘാടനം പ്രസിഡന്റ് ഉഷ വിജയൻ നിർവഹിച്ചു.അംഗൻവാടി, ഹരിത കർമ്മ സേന, തൊഴിലുറപ്പ്, സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ എന്നിവർ പങ്കെടുത്തു.