koda

തൊടുപുഴ: ഓപറേഷൻ ലോക്ക് ഡൗണിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ 360 ലിറ്റർ കോടയും നാലര ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു. വണ്ണപ്പുറം കാളിയാർ മുള്ളൻകുത്തി ഭാഗത്ത് നടത്തിയ പരിശോധനയിൽ അഴീക്കണ്ണിക്കൽ വീട്ടിൽ ബൈജു വിന്റെ വീട്ടിൽ നിന്നുമാണ് പിടിച്ചെടുത്തത്.എക്‌സൈസ് സംഘത്തെ കണ്ട് പ്രതി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.കേസിനെക്കുറിച്ചും കൂടുതൽ ആളുകളുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് എക്‌സൈസ് ഇൻസ്‌പെക്ടർ സുദീപ് കുമാർ അറിയിച്ചു.ലോക്ഡൗൺ ആരംഭിച്ചതു മുതൽ വണ്ണപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു വ്യാപകമായി ചാരായം വാറ്റി വിൽപ്പന നടത്തുന്നതായി എക്‌സൈസിനു പരാതി ലഭിച്ചിരുന്നു . വിവിധഭാഗങ്ങളിൽ ചാരായ വാറ്റും വിൽപ്പനയും നടത്തുന്ന പലരെയും കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ട് . വരുംദിവസങ്ങളിൽ കർശന പരിശോധനകൾ നടത്തുമെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു.പരിശോധനയിൽ ഇൻസ്‌പെക്ടറോടൊപ്പം പ്രിവന്റീവ് ഓഫീസർമാരായ സെബാസ്റ്റ്യൻ പി.എ, ആർ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് പി.ബി, രാജേഷ് സുകുമാരൻ ,അബിൻ ഷാജി, ഡ്രൈവർ അനീഷ് എന്നിവർ പങ്കെടുത്തു.