തൊടുപുഴ: വാർദ്ധക്യത്തിന്റെ അവശതയിൽ കഴിയുന്നവർക്ക് അവരുടെ വീടുകളിലെത്തി സേവനം ഉറപ്പാക്കുന്നതിന് സമഗ്ര പദ്ധതി വരുന്നു. സർക്കാർ സേവനവും ആനുകൂല്യങ്ങളും വീട്ടിലെത്തിക്കാൻ ഇതിനായി സന്നദ്ധസേന രൂപീകരിച്ച് അവരുടെ സേവനം ഉപയോഗിച്ച് പദ്ധതി കൂടുതൽ ജനകീയമാക്കും. .സാമൂഹ്യ നീതി വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
സർക്കാർ പ്രഖ്യാപിക്കുന്ന പല ജനക്ഷേമ പദ്ധതികളും യഥാർത്ഥ ഗുണഭോക്താക്കളിൽ പലപ്പോഴും എത്തിച്ചേരാറില്ല എന്ന തിരിച്ചറിവാണ് പദ്ധതിയ്ക്ക് ആരംഭിക്കുന്നതിന് കാരണമായത്. ഇതിനൊപ്പം സർക്കാർ പദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുകയും കൃത്യസമയത്ത് എത്തിക്കുകയു ലക്ഷ്യമിടുന്നു.. രണ്ടാംഘട്ടമായി അവശത അനുഭവിക്കുന്ന രോഗികൾക്ക് പാലിയേറ്റീവ് കെയർ മാതൃകയിൽ വീടുകളിലെത്തി ചികിത്സയും ലഭ്യമാക്കും. പല സർക്കാർ ആനുകൂല്യങ്ങൾക്കും അക്ഷയ കേന്ദ്രങ്ങളിലോ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളിലോ എത്തിയാണ് അപേക്ഷ നൽകേണ്ടത്. വയോജനങ്ങളുടെയും കിടപ്പുരോഗികളുടെയും എണ്ണം അനുദിനം വർദ്ധിച്ച് വരികയാണ്. ഈ വിഭാഗക്കാർക്ക് വീട്ടിലെത്തി അപേക്ഷ തയ്യാറാക്കി നൽകി ആനുകൂല്യങ്ങൾ ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുടെയും സർക്കാർ വകുപ്പുകളുടെയും പക്കൽ നിലവിലുള്ള രേഖകളിൽ നിന്ന് പ്രത്യേകം സർവേ നടത്തിയാകും സേവനം ലഭ്യമാക്കേണ്ടവരെ തിരഞ്ഞെടുക്കുക.
കൈയിൽ പണമുണ്ട്,
പക്ഷെ ....
പണമില്ലാത്തത് മാത്രമല്ല പണമുണ്ടായിട്ടും മരുന്നോ ഭക്ഷണമോ വാങ്ങാൻ കഴിയാതെ ഒറ്റപ്പെട്ടുപോകുന്ന വയോജനങ്ങൾ ഏറെയാണ്. പ്രവാസം കഴിഞ്ഞ് വന്നവരോ ജോലിയിൽനിന്ന് വിരമിച്ച് പെൻഷൻകൊണ്ട് വഴിയുന്നവരോ ഒക്കെ മക്കളോടൊപ്പേ പോകാതെ സ്വന്തം വീട്ടിൽ തന്നെ താമസിക്കുന്നവരാണ് അവശ്യസാധനങ്ങൾ വാങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്. ഇത്തരക്കാരെ കണ്ടെത്തി അവർക്ക് ആവശ്യമായ വൈദ്യസഹായം ഉൾപ്പടെ ഉറപ്പാക്കാൻ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
ലഭ്യമാക്കുന്ന സേവനങ്ങൾ
1. സന്നദ്ധസേനാ പ്രവർത്തകർ വഴി വീടുകളിലെത്തി തദ്ദേശ സ്ഥാപനങ്ങൾ മസ്റ്ററിംഗ് നടത്തും
2. ഉദ്യോഗസ്ഥരെ വീടുകളിലെത്തിച്ച് ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമാക്കും
3. വീടുകളിലെത്തി പെൻഷൻ ദുരിതാശ്വാസ നിധികളിലേക്കുള്ള അപേക്ഷകൾ അയപ്പിക്കും
4. സാമ്പത്തിക ശേഷിയുള്ളവർക്ക് അവർ നൽകുന്ന പണം ഉപയോഗിച്ചും അല്ലാത്തവർക്ക് തുക കണ്ടെത്തിയും മരുന്ന് വാങ്ങി നൽകും
സേനാംഗങ്ങൾ
1. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ചെറുപ്പക്കാർ
2. ജനമൈത്രി പൊലീസ് അംഗങ്ങൾ
3. അക്ഷയ കേന്ദ്രം പ്രവർത്തകർ
പദ്ധതി നടത്തിപ്പ്
തദ്ദേശ സ്ഥാപന സെക്രട്ടറി, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവരടങ്ങുന്ന സമിതിക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. തദ്ദേശ സ്ഥാപനത്തിലെ ഒരു ഉദ്യോഗസ്ഥനാകും ഏകോപന ചുമതല. പ്രദേശത്തെ ഏറ്റവും മികച്ച സന്നദ്ധ പ്രവർത്തകൻ ജനറൽ കൺവീനറും അക്ഷയ കേന്ദ്രം പ്രതിനിധി ജോയിന്റ് കൺവീനറുമായിരിക്കും.
=സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾ ഉൾപ്പടെ എല്ലാവരുടെയും ആവശ്യങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുകയും സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അരുകിലെത്തുകയും അതുവഴി സാമൂഹ്യനീതി ഉറപ്പാക്കും. .
ബിനോയ് വി. ജെ.
ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇടുക്കി