പീരുമേട്: ഓൺലൈൻ വിദ്യാഭ്യാസത്തിലെ തടസങ്ങൾ പരിഹരിക്കുന്നതിനായി പീരുമേട് മണ്ഡലത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പ്രധാനാദ്ധ്യാപകരെയും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് പീരുമേട് എം ൽ എ വാഴൂർ സോമന്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗം സംഘടിപ്പിച്ചു. എസ് ആർ ജി , പി ടി എ , എസ് എം സി യോഗം കൂടിയതിന് ശേഷം ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് കമ്മിറ്റി രൂപീകരിച്ചു കൃത്യമായി കുട്ടികളുടെ എണ്ണം പരിശോധിക്കുകയും ക്ലാസ് ടീച്ചർ അവരുടെ വീടുകളിൽ നേരിട്ടെത്തി സാഹചര്യങ്ങൾ മനസ്സിലാക്കി റിപ്പോർട്ട് ചെയ്യാനും എംഎൽഎ ആവശ്യപ്പെട്ടു. സ്‌കൂൾതലത്തിൽ ഓൺലൈൻ പഠന സാമഗ്രികളില്ലാത്ത അർഹരായ കുട്ടികളുടെ എണ്ണം എടുക്കുക. സ്‌കൂൾതലത്തിൽ തന്നെ കുട്ടികൾക്ക് പഠന സാമഗ്രികൾ എത്തിക്കാൻ ശ്രമിക്കുക. പത്താം ക്ലാസ്സ്, പ്ലസ് ടു വിദ്യാർത്ഥികളുടെ വിവരം പ്രത്യേകം റിപ്പോർട്ട് ചെയ്യുന്നതിനൊപ്പം; ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് അടിയന്തരമായി പഠന സൗകര്യം ഓരുക്കാനും യോഗത്തിൽ തീരുമാനിച്ചു. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കാനും നിർദേശിച്ചു.
ഓൺലൈൻ പഠനത്തിനാവശ്യമായ എല്ലാ സൗകര്യങ്ങളും യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കാൻ ശ്രമിക്കും. അതിനായി എല്ലാ അദ്ധ്യാപകരുടെയും രക്ഷകർത്താക്കളുടെയും സഹകരണവും എംഎൽഎ അഭ്യർത്ഥിച്ചു.പീരുമേട് നിയോജകമണ്ഡലത്തിലെ 86 സ്‌കൂളുകളിലെ പ്രഥമാദ്ധ്യാപകർ യോഗത്തിൽ പങ്കെടുത്തു
പീരുമേട് മണ്ഡലത്തിൽ 86 സ്‌കൂളുകളിലായി 18043 വിദ്യാർത്ഥികളാണുള്ളത്. ഇതിൽ 17,370 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് സൗകര്യമുണ്ട്. 673 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമില്ലെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു..