police

ചെറുതോണി : മണിയാറൻകുടിയിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം രൂക്ഷമായെന്നുള്ള ആക്ഷേപത്തെത്തുടർന്ന് പൊലീസ് കഴിഞ്ഞ രണ്ട് ദിവസമായി നടത്തുന്ന പരിശോധനയിൽ 26 പേർക്കെതിരെ കേസെടുത്തു. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലും വാഴത്തോപ്പ് പഞ്ചായത്തിൽ അധികൃതർ ഏർപ്പെടുത്തിയ നിയമങ്ങൾ ലംഘിച്ചുകൊണ്ട് മണിയാറൻകുടി കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധശല്യം നടക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ പൊലീസ് മേധാവി ആർ കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി ഫ്രാൻസിസ് ഷെൽബി ,ഇടുക്കി സർക്കിൾ ഇൻസ്‌പെക്ടർ എം അൻവർ എന്നിവരുടെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചിരുന്നു. പ്രദേശത്ത് ക്രിമിനൽ പശ്ചാത്തലമുള്ള ആളുകളെ കേന്ദ്രീകരിച്ച് നടത്തിവന്ന അന്വേഷണത്തിൽ രാപകൽ വ്യത്യാസമില്ലാതെ നിയമം ലംഘിച്ച് നിരവധിപേർ പുറത്തിറങ്ങുന്നതായും പരിശോധനയിൽ തെളിഞ്ഞു. ഇതേത്തുടർന്ന് മണിയാറൻകുടി കേന്ദ്രീകരിച്ച് സി.ഐ അൻവറിന്റെ നേതൃത്വത്തിൽ താൽക്കാലികപൊലീസ് ക്യാമ്പ് ആരംഭിച്ച് പരിശോധന നടത്തി വരികയാണ്. ഇന്നലെ ഇതുമായി ബന്ധപെട്ട് നൂറിൽ പരം വാഹനങ്ങൾ പരിശോധിച്ചതിൽ 26 പേർക്കെതിരെ കേസ് എടുത്തതായും 16 വാഹനങ്ങൾ പിടിച്ചെടുത്തതായും സി ഐ പറഞ്ഞു. മുൻ അബ്ക്കാരി കേസുകളിൽ പെട്ടവരുടെയും മറ്റ് ക്രിമിനൽ കേസുകളിൽ പെട്ടവരുടെയും വീടുകളിൽ പരിശോധന നടത്തുകയും ഇത്തരം മേഖലകൾ കേന്ദ്രീകരിച്ച് ഡ്രോൺ ഉപയോഗിച്ചു നിരീക്ഷണങ്ങളും നടത്തി വരുന്നുണ്ട്. പരിശോധനയ്ക്കിടെ ബൈക്കിൽ എത്തിയ യുവാവ് പൊലീസ് സംഘത്തെ വെട്ടിച്ച് കടന്നു കളയുകയും അന്വേഷണത്തിൽ ബൈക്ക് കണ്ടെത്തി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
മണിയാറൻകുടിയിലെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയിടുവാൻ പോലീസ്, വനം, എക്‌സൈസ് വകുപ്പുകൾ സംയുക്ത മായി വരും ദിവസങ്ങളിൽ പരിശോധന നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികളും ഉണ്ടാവുമെന്നും ഡി വൈ .എസ് പി ഫ്രാൻസീസ് ഷെൽബി പറഞ്ഞു.