നെടുങ്കണ്ടം: ആശുപത്രിയിലേക്ക് പോകുന്നതിനിടെ മദ്ധ്യപ്രദേശ് സ്വദേശിനി ഓട്ടോറിക്ഷയിൽ പ്രസവിച്ചു. കുഞ്ചിത്തണ്ണിയിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഭഗവതിന്റെ ഭാര്യ സമത്ത് ദിയ(20) ആണ് ഓട്ടോറിക്ഷയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ഞായറാഴ്ച രാവിലെ ഉടുമ്പൻചോലക്ക് സമീപമാണ് സംഭവം. കുഞ്ചിത്തണ്ണി രാജ് എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്ന ഭഗവതും സമത്ത്ദിയയും ഇവിടുത്തെ ജോലി ഉപേക്ഷിച്ചു ഉടുമ്പൻചോലക്ക് വരുകയായിരുന്നു. നെടുങ്കണ്ടത്തേക്ക് വരുന്നതിനായി ഞായറാഴ്ച പുലർച്ചെ ഉടുമ്പൻചോല ബസ് സ്റ്റോപ്പിൽ ഇരുവരും വാഹനം കാത്ത് നിൽക്കുന്നതിനിടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ അതുവഴി എത്തിയ ഉടുമ്പൻചോല സ്വദേശിയുടെ ഓട്ടോറിക്ഷയിൽ നെടുങ്കണ്ടം താലൂക്കാശുപത്രിയിക്ക് പുറപ്പെട്ടെങ്കിലും യാത്രാമദ്ധ്യേ പ്രസവം നടക്കുകയായിരുന്നു. നെടുങ്കണ്ടം താലൂക്കാശുപത്രിയിൽ എത്തിച്ച അമ്മക്കും കുഞ്ഞിനും ആവശ്യമായ ശുശ്രൂഷകൾ നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു.