ന കപ്പ ഇനി 10 രൂപയ്ക്ക് ലഭിക്കും
കുടയത്തൂർ : കൊവിഡും കാലംതെറ്റിവന്ന മഴയുംകൂടി ആയപ്പോൾ മരച്ചീനി കർഷകർ ദുരിതത്തിലായി. കനത്ത മഴമൂലം മരച്ചീനി കർഷകർക്ക് കപ്പ വാട്ടിയെടുക്കാനോ ഉണക്കിയെടുക്കാനോ കഴിയുന്നില്ല. വരുമാനമാർഗ്ഗംനിലച്ചതോടെ മിക്ക കർഷകരും ദുരിതത്തിലായി . ഈ സാഹചര്യത്തിലാണ് കേരളാ സർക്കാർ മരച്ചീനി കർഷകരെ സഹായിക്കാൻ ഹോർട്ടികോർപ്പിനോട് ആവശ്യപ്പെടുകയും കൃഷി ഓഫീസുകൾ ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെ പ്രാദേശീകമായി ക്ഷീരസഹകരണ സംഘങ്ങൾ വഴി പരമാവധി മരച്ചീനി വിപണനം നടത്തുവാൻ തീരുമാനിക്കുകയും ചെയ്തിരിക്കുന്നത്. കുടയത്തൂർ ക്ഷീരസഹകരണ സംഘം അതിലെ അംഗങ്ങൾക്കും പൊതുജനങ്ങൾക്കുമായി ഇന്ന് മുതൽ കിലോ 10 രൂപാ നിരക്കിൽ മരച്ചീനി വിപണനം നടത്തുകയാണ്. ഇളംദേശം ബ്‌ളോക്ക് തല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2 ന് കുടയത്തൂർ ക്ഷീര സഹകരണ സംഘത്തിൽ കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയൻ നിർവ്വഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ക്ഷീരകർഷകർക്കുള്ള ധനസഹായം ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ നിർവഹിക്കും. വാർഡ് മെമ്പർ ബിന്ദു സുധാകരൻ, കൃഷി ഓഫീസർ ആഷ്‌നി മറിയാമ്മ ജോർജ്ജ്, ഇളംദേശം ബ്‌ളോക്ക് ക്ഷീരവികസന ഓഫീസർ കെ.എം സുധീഷ്, ആപ്‌കോസ് പ്രസിഡന്റ് ഡോ. കെ.സോമൻ എന്നിവർ പങ്കെടുക്കും. ജില്ലാ പഞ്ചായത്തംഗം പ്രൊഫ. എം.ജെ ജേക്കബ്, ഇളംദേശം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോൺ, ബ്‌ളോക്ക് പഞ്ചായത്ത് അംഗം മിനി ആന്റണി എന്നിവർ ഓൺലൈനായി ആശംസ അറിയിക്കും. മരച്ചീനി കർഷകർക്ക് കൃഷി ഓഫീസുവഴി നൽകുന്ന സബ്‌സിഡി ഉൾപ്പെടെ കിലോയ്ക്ക് 12 രൂപാ ലഭിക്കും. കൃഷിഭവൻ വഴിയാണ് ക്ഷീരസഹകരണ സംഘം മരച്ചീനി ശേഖരിക്കുന്നത്. 5000 കിലോ മരച്ചീനി വിതരണം ചെയ്യുന്നതിനാണ് കുടയത്തൂർ ക്ഷീരോത്പാദന സഹകരണ സംഘം ഭരണ സമിതി തീരുമാനിച്ചിട്ടുള്ളത്. മാർക്കറ്റിൽ 20 രൂപയ്ക്ക് ലഭിക്കുമ്പോഴാണ് ക്ഷീരസംഘം വഴി കിലോയ്ക്ക് 10 രൂപാ നിരക്കിൽ മരച്ചീനി പൊതുജനങ്ങൾക്ക് നൽകുന്നത്.