കട്ടപ്പന : പെട്രോൾ ഡീസൽ വർദ്ധിച്ച് നൂറ് രൂപയിലധികരിച്ച് ജനജീവിതം ദുസ്സഖമാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരളാ കോൺഗ്രസ് (എം) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നാളെ വൈകുന്നേരം അഞ്ച് മണിക്ക് നടത്തും. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാലാണ് വീട്ടുപടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിക്കുന്നതെന്നും ജില്ലയിലെ അയ്യായിരം കുടുംബങ്ങൾ പങ്കെടുക്കുമെന്നും ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
കഴിഞ്ഞ ഒരു മാസത്തിനിടെ 15 തവണയാണ് പെട്രോൾഡീസൽ വില വർദ്ധിപ്പിച്ചത്. പാചക വാതകത്തിലുണ്ടായ ഭീമമായ വർദ്ധനവും കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ ഇളക്കിയിരിക്കുകയാണ്.ക്രൂഡോയിലിന്റെ വില മുൻകാലയളവുകളിൽ ഉണ്ടായിരുന്നതിനേക്കാൾ കുറഞ്ഞിട്ടും ഇന്ധനവില അടിക്കടി വർദ്ധിപ്പിക്കുന്നത് വിരോധാഭാസമാണ്. രാജ്യത്തെ മറ്റ് ഉത്പ്പന്നങ്ങളെല്ലാം ജി.എസ്.ടി യുടെ കീഴിൽ കൊണ്ടുവന്നപ്പോഴും പെട്രോളിയം ഉല്പന്നങ്ങൾക്ക് മാത്രം വില നിശ്ചയിക്കുവാനുള്ള അധികാരം ഒപെക് ന് നിലനിർത്തി നൽകിയത് കോർപ്പറേറ്റ് കുത്തകകളുമായുള്ള കേന്ദ്രസർക്കാരിന്റെ കൂട്ടുകെട്ടാണ് വ്യക്തമാക്കുന്നതെന്നും ജോസ് പാലത്തിനാൽ പറഞ്ഞു.