ചെറുതോണി: ലക്ഷങ്ങൾ മുടക്കി മൂന്ന് വർഷങ്ങൾക്ക് മുൻപ് നിർമ്മാണം പൂർത്തിയാക്കിയ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് കാട്കയറി നശിക്കുന്നു. കഞ്ഞിക്കുഴി പഞ്ചായത്ത് ചേലച്ചുവട് ബസ്സ് സ്റ്റാന്റിൽ നിർമ്മിച്ച ഷോപ്പിംഗ് കോംപ്ലക്‌സാണ് കാട്കയറി നശിക്കുന്നത്. കഞ്ഞിക്കുഴി പഞ്ചായത്ത് റവന്യു വകുപ്പിൽ നിന്ന് 99 വർഷത്തെയ്ക്കു പാട്ടത്തിനെടുത്ത സ്ഥലത്താണ് ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ കോംപ്ലക്‌സിന്റെ നിർമ്മാണം പൂർത്തിയായി മൂന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും മുറികൾ ലേലം ചെയ്ത് ആവശ്യക്കാർക്ക് നൽകാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും ഷോപ്പിങ്ങ് കോംപ്ലക്‌സിൽ അടിസ്ഥാന സൗകര്യങ്ങളായ ശുദ്ധജലം, ടോയലറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നിർമ്മിച്ച് നൽകാനും പഞ്ചായത്ത് തയ്യാറായിട്ടില്ല. ഇപ്പോൾ കോംപ്ലക്‌സും പരിസരവും കാട്കയറി തറയോടുകൾ തകർന്ന നിലയിലാണ്. രാത്രി കാലങ്ങളിൽ ഇവിടം സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമായ മാറിയിരിക്കുകയാണ്.