 രാവിലെ ആരംഭിക്കേണ്ട മൂല്യനിർണയം ആരംഭിച്ചത് ഉച്ചയ്ക്ക്

തൊടുപുഴ: രാവിലെ 10.30ന് ആരംഭിക്കേണ്ട എസ്.എസ്.എൽ.സി മലയാളം, ഫിക്‌സിക്‌സ് പരീക്ഷകളുടെ മൂല്യ നിർണയം ആരംഭിച്ചത് ഉച്ചയ്ക്ക് 12 മണിയോടെ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ മൂലം അദ്ധ്യാപകർ എത്താൻ വൈകിയെത്തിയതാണ് മൂല്യ നിർണയം വൈകി ആരംഭിക്കാൻ കാരണം. ജില്ലയിൽ പത്താം ക്ലാസ് പരീക്ഷ പേപ്പർ മൂല്യ നിർണയത്തിനായി അഞ്ച് കേന്ദ്രങ്ങളാണ് ഒരുക്കിയിരുന്നത്. രാവിലെ 10.30ന് ആരംഭിക്കേണ്ട മൂല്യ നിർണയും തൊടുപുഴയടക്കമുള്ള കേന്ദ്രങ്ങളിൽ വൈകി. കെ.എസ്.ആർ.ടി.സി അദ്ധ്യാപകർക്കായി പ്രത്യേക സർവീസ് നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇടുക്കി പോലുള്ള മലയോര ജില്ലകളിൽ അത് പ്രായോഗികമായില്ല. അദ്ധ്യാപകരിൽ ഭൂരിഭാഗവും സ്വന്തം വാഹനത്തിലാണ് എത്തിയത്. 517 പേരെയാണ് മൂല്യ നിർണയത്തിനായി ജില്ലയിൽ നിയോഗിച്ചിരുന്നത്. തൊടുപുഴയിലെ മൂല്യ നിർണയം ആരംഭിച്ചപ്പോൾ സമയം 12 മണിയായി. മലയാളം ഫിസിക്‌സ് പേപ്പറുകളുടെ മൂല്യ നിർണയമാണ് തൊടുപുഴയിൽ നടക്കുന്നത്. ഇരു വിഭാങ്ങളിലുമായി 65 അദ്ധ്യാപകരമാണ് പങ്കെടുക്കുന്നത്. ഇതിൽ 10 അധികം പേർ വിവിധ കാരണങ്ങൾകൊണ്ട് മൂല്യ നിർണയത്തിൽ പങ്കെടുത്തില്ല. ഇവർക്ക് പകരം മറ്റ് അദ്ധ്യാപകരെ നിയമിച്ചാണ് മൂല്യ നിർണയം ആരംഭിച്ചത്. കട്ടപ്പനയിൽ കൃത്യസമയത്ത് മൂല്യ നിർണയം ആരംഭിച്ചെങ്കിലും അദ്ധ്യാപകരുടെ കുറവുണ്ട്. ഈ മാസം 24 വരെയാണ് മൂല്യ നിർണയം.