കുമളി: തമിഴ്‌നാട് അതിർത്തി ചെക് പോസ്റ്റിൽ വാഴക്കുല വണ്ടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവ് എക്‌സൈസ് പരിശോധനയിൽ പിടികൂടി. ഒരു ലക്ഷത്തോളം രൂപ വിലവരുന്ന രണ്ട് കിലോ കഞ്ചാവുമായി വണ്ടിപ്പെരിയാർ മൂങ്കലാർ സ്വദേശി മാണിക്ക് സുമനാണ് (23) പിടിയിലായത്. കൂടല്ലൂരിൽ നിന്ന് നാലായിരം കിലോയുടെ വാഴക്കുലയുമായി വന്ന വാഹനം സംശയത്തെ തുടർന്ന് എക്‌സൈസ് സംഘം വാഴക്കുലകൾ ഇറക്കി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് ലഭിച്ചത്. കോട്ടയത്തുള്ള വ്യക്തികൾക്കു വേണ്ടിയാണു കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. ഇവരാരാണെന്ന് എക്സൈസ് അന്വേഷിക്കും. വണ്ടിയിൽ ഉണ്ടായിരുന്ന 4000 കിലോ വാഴക്കുല ഇന്നലെ തന്നെ ലേലം ചെയ്തു. പ്രതിയെ തുടർനടപടിക്രമങ്ങൾക്കായി വണ്ടിപ്പെരിയാർ ആഫീസിലേക്കു കൊണ്ടു പോയി. പ്രതി ആന്ധ്രാ പ്രദേശിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ആ സമയത്തും കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ലോക്ക് ഡൗൺ ആരംഭിച്ചതിനു ശേഷം പലതവണ എക്‌സൈസ് സംഘം അതിർത്തി വഴി കടത്താൻ ശ്രമിച്ച വ്യാജമദ്യം, കഞ്ചാവ്, നിരോധിത കീടനാശിനി തുടങ്ങിയവ പിടികൂടിയിരുന്നു. എക്‌സൈസ് ഇൻസ്‌പെക്ടർ റോയ് വി. ജെ, പ്രിവന്റീവ് ആഫീസർമാരായ രാജകുമാർ ബി, രവി വി, നെബു എ.സി, സേവിയർ പി.ഡി, സിവിൽ എക്‌സൈസ് ആഫീസർമാരായ നദീർ കെ. ഷംസ്, അനീഷ് ടി.എ, രഞ്ജിത്ത് എൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.