തൊടുപുഴ: ലക്ഷദ്വീപിനോടുള്ള കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ അടിയന്തര ഇടപെടലുകൾ ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കൾ അഡ്വ. ഡീൻ കുര്യാക്കോസ് എം.പിക്ക് നിവേദനം നൽകി. ദ്വീപിന്റെ സമാധാന അന്തരീക്ഷത്തെ താറുമാറാക്കുന്ന പ്രഫുൽ ഗോഡ പട്ടേലിനെ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, രാജ്യസഭാ ചെയർമാൻ, പ്രതിപക്ഷ നേതാവ്, മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്ക് ഫ്രറ്റേണിറ്റി പ്രവർത്തകർ ഇ- മെയിൽ അയച്ചു. മിനിക്കോയ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർമാൻ ഡോ. മുനീർ മണിക്ഫാൻ, മറ്റ് സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്ത ഓൺലൈൻ പ്രതിഷേധ പരിപാടിയും കാമ്പയിന്റെ ഭാഗമായി നടന്നു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി അമീൻ റിയാസ്, ജില്ലാ പ്രസിഡന്റ് അൻഷാദ് അടിമാലി, സലീൽ മുഹമ്മദ് എന്നിവർ നിവേദനം നൽകുന്നതിന് നേതൃത്വം നൽകി.