തൊടുപുഴ: ഒരു മഴക്കാറ് കണ്ടാൽ മതി വൈദ്യുതി പോകാൻ, പിന്നെ ലാൻഡ് ഫോണും മൊബൈൽ ഫോണും നിലയ്ക്കും, ഒപ്പം ഇന്റർനെറ്റും. പറഞ്ഞുവരുന്നത് അരിക്കുഴ മേഖലയിലെ ബി.എസ്.എൻ.എൽ ഉപഭോക്താക്കളുടെ ഗതികേടിനെക്കുറിച്ചാണ്. ആറ് മാസത്തിലേറെയായി വൈദ്യുതിക്കൊപ്പം ഇവിടത്തെ ബി.എസ്.എൻ.എല്ലും പണിമുടക്കുകയാണ്. എക്‌സ്‌ചേഞ്ചിലെ ബാറ്ററി തകരാറിലായതാണ് ഈ പ്രശ്നത്തിന് കാരണം. സാധാരണ ഗതിയിൽ വൈദ്യുതി പോയാൽ ബാറ്ററി ബാക്കപ്പ് ഉള്ളതിനാൽ എക്സ്ചേഞ്ചിന്റെയും ടവറിന്റെയും പ്രവർത്തനത്തിന് തടസം നേരിടാറില്ല. എന്നാൽ ഇവിടത്തെ ബാറ്ററി ബാക്കപ്പ് ആറ് മാസമായി പ്രവർത്തിക്കുന്നില്ല. പകരം ആരെങ്കിലുമെത്തി ജനറേറ്റർ ഓണാക്കണം. ഇത് തൊടുപുഴ എക്സ്ചേഞ്ചിലുള്ള കരാർ ജീവനക്കാരെത്തി വേണം ചെയ്യാൻ. ആരെങ്കിലുമെത്തുന്നത് വരെ മേഖലയിലെ സകല ബി.എസ്.എൻ.എൽ ഫോണുകളുടെയും സേവനം നിലയ്ക്കും. ഇതോടെ പ്രതിവർഷ വാടക മുൻകൂറായി അടച്ചവർ പോലും ഇപ്പോൾ ലാൻഡ് ഫോൺ, മൊബൈൽ, ബ്രോഡ്ബാൻഡ് സൗകര്യങ്ങൾ കിട്ടാതെ വലയുകയാണ്. ഓൺലൈൻ പഠനം നടത്തുന്ന വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ടുന്നത്. വൈദ്യുതി പോയാൽ കൃഷി ഫാം, കേരള ഫീഡ്സിന്റെ കാലിത്തീറ്റ ഫാക്ടറി തുടങ്ങിയ സ്ഥാപനങ്ങളും അക്ഷയകേന്ദ്രം, സ്കൂൾ, ആശുപത്രി എന്നിവിടങ്ങളിലെ ടെലിഫോൺ, ഇന്റർനെറ്റ് സംവിധാനമെല്ലാം തകാറിലാകും. മഴക്കാലമായതോടെ പ്രദേശത്തെ വൈദ്യുതി മുടക്കം പതിവാണ്. വൈദ്യുതി ലൈനിൽ മരംവീഴുകയൊന്നും വേണ്ട ചെറിയ കാറ്റോ മഴയോ വന്നാൽ അപ്പോൾ വൈദ്യുതി പോകും. ബാറ്ററി മാറ്റിവച്ചാൽ തത്കാലം പ്രശ്നം പരിഹരിക്കപ്പെടും. എന്നാൽ പലതവണ പരാതി പറഞ്ഞ് മടുത്തെങ്കിലും ഇതിന് അധികൃതർ തയ്യാറാകുന്നില്ലെന്ന് ഉപഭോക്താക്കൾ പറയുന്നു. അധികൃതർ സ്വകാര്യ മൊബൈൽ കമ്പനികളെ സഹായിക്കുന്നു എന്ന ആരോപണവും ശക്തമാണ്.
നാഥനില്ലാ കളരി
കഴിഞ്ഞ വർഷം ഉദ്യോഗസ്ഥർ കൂട്ടത്തോടെ സ്വയം വിരമിച്ചതോടെയാണ് അരിക്കുഴ എക്സ്ചേഞ്ച് നാഥനില്ലാ കളരിയായി മാറിയത്. മുമ്പ് കനത്ത സുക്ഷയിൽ പ്രവർത്തിച്ചിരുന്ന എക്സ്ചേഞ്ചിന്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ പരിതാപകരമാണ്. ഗേറ്റ് വരെ തകർന്ന ഇവിടെ ഇപ്പോൾ ഒരു വാച്ച്മാൻ പോലുമില്ല. ഇതിനുള്ളിലെ ലക്ഷങ്ങളുടെ വസ്തുവകകൾക്ക് ബി.എസ്.എൻ.എല്ലിന് ഒരു ഉത്തരവാദിത്തവും ഇല്ലാത്ത സ്ഥിതിയാണ്.
പലരും കണക്ഷൻ മാറി
പ്രദേശത്ത് നേരത്തെ ബി.എസ്.എൻ.എൽ ലാൻഡ് ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്ന ആയിരത്തിലേറെ ഉപഭോക്താക്കളുണ്ടായിരുന്നു. അത്രയും തന്നെ മൊബൈൽ ഫോൺ ഉപഭോക്താക്കളും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ആകെ ഉപഭോക്താക്കളുടെ എണ്ണം അഞ്ഞൂറിൽ താഴെയാണ്. ബി.എസ്.എൻ.എല്ലിന്റെ പ്രവർത്തനം മോശമായതിനാൽ ഭൂരിഭാഗം പേരും മറ്റ് സ്വകാര്യ കമ്പനികളിലേക്ക് മാറി.
എല്ലായിടത്തും കണക്കാ
ജില്ലയിലെ മിക്ക എക്സ്ചേഞ്ചുകളിലെയും സ്ഥിതി ഇതിന് സമാനമാണ്. ചിലയിടത്ത് ബാറ്ററിയാണ് തകരാറെങ്കിൽ മറ്റിടങ്ങളിൽ ജനറേറ്ററിനാകും പ്രശ്നം. ചില എക്സ്ചേഞ്ചുകളിൽ രണ്ടും തകരായിരിക്കും. തൊടുപുഴ മേഖലയിൽ 21 എക്സ്ചേഞ്ചുകളാണുള്ളത്. ഇതിൽ രണ്ടോ മൂന്നോയിടങ്ങളിൽ മാത്രമാണ് ജീവനക്കാരുള്ളത്.
''പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നു. എക്സ്ചേഞ്ചിലെ ബാറ്ററി തകരാറിലായിട്ട് ആറ് മാസത്തോളമായി. ബാറ്ററി മാറി വയ്ക്കണമെന്ന് അഭ്യർത്ഥിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ പലരും സ്വയം വിരമിച്ചതിന് ശേഷം പല എക്സ്ചേഞ്ചുകളിലും സ്ഥിരം ജീവനക്കാരില്ല"
-ടിനു ജോർജ് (ഡിവിഷണൽ എൻജിനിയർ)