ഇടുക്കി :ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ശരണബാല്യം പദ്ധതിയും ചൈൽഡ്‌ലൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ബാലവേല വിരുദ്ധ ദിനാചരണത്തിന് തുടക്കമായി. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ ജൂൺ 12 വരെയാണ് ദിനാചര ബോധവൽക്കരണം സംഘടിപ്പിച്ചിട്ടുള്ളത്. ദിനാചരണത്തിന്റെ ഉദ്ഘാടനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർപേഴ്‌സൺ കെ.വി മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം റെനി ആന്റണി മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ. ജോസഫ് അഗസ്റ്റിൻ പ്രസംഗിച്ചു. ചൈൽഡ്‌ലൈൻ സ്റ്റേറ്റ് പ്രോഗ്രാം മേധാവി മനോജ് ജോസഫ് സ്വാഗതവും ജില്ലാ ശിശു സംരക്ഷണ ഓഫീസർ എം.ജി .ഗീത നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന പരിശീലന പരിപാടിയിൽ പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം അപർണ്ണ നാരായണൻ സംസ്ഥാനത്തെ ബാലാവകാശ പ്രവർത്തകർക്കും ജില്ലയിലെ സ്‌ക്കൂൾ കൗൺസിലർമാർക്കും, ആന്റീഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ് അംഗങ്ങൾക്കും ചുമതലക്കാർക്കും സന്നദ്ധ പ്രവർത്തകർക്കും ബാലവേല നിരോധന നിയമത്തെ പറ്റി ഓൺലൈൻ ബോധവത്ക്കരണം നൽകി.
ജില്ലയെ ബാലവേല വിമുക്ത ജില്ലയാക്കുന്നതിനുള്ള പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനുമായാണ് ബാലവേല വിരുദ്ധ ബോധവൽക്കരണം സംഘടിപ്പിക്കുന്നത്. ഇന്ന് ജില്ലയിലെ ട്രൈബൽ പ്രൊമോട്ടർമാർക്കും പട്ടികവർഗ്ഗ വികസന വകുപ്പിലെ മറ്റ് ജീവനക്കാർക്കുംനാളെ എൻ.എസ്.എസ് വാളന്റിയർമാർക്കും വിവിധ കോളേജുകളിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾക്കും,11 ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുമായി ചേർന്ന് ജില്ലയിലെ ബാലവേലയുമായി ബന്ധപ്പെട്ട ചുമതലക്കാർക്കും തോട്ടം തൊഴിലുടമകൾക്കും സന്നദ്ധ പ്രവർത്തകർക്കും തൊഴിലാളി സംഘടന പ്രതിനിധികൾക്കും ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്കും പാരാലീഗൽ വോളണ്ടിയർമാർക്കും വിവിധ പരിശീലന പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ ജൂൺ 12 ന് സംസ്ഥാനതല കർത്തവ്യ വാഹകർക്കായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓൺലൈൻ പരിശീലന പരിപാടിയോടുകൂടി ബാലവേലവിരുദ്ധ ബോധവൽക്കരണത്തിന് സമാപനമാകും.
സേവനം ലഭ്യമാണ്
ബാലവേല, ബാലഭിക്ഷാടന, തെരുവുബാല്യ വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ശരണബാല്യം. പദ്ധതിയുടെ ഭാഗമായി ജില്ലാ തലത്തിൽ ജില്ലാ ശിശു സംരക്ഷണ ഓഫീസറുടെ കീഴിൽ ചൈൽഡ് റെസ്‌ക്യൂ ഓഫീസറുടെ സേവനം ലഭ്യമാണ്. ബാലവേല, ബാലഭിക്ഷാടനം തെരുവിൽ അലയുന്ന കുട്ടികൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായി ബന്ധപ്പെടേണ്ടതാണ്.വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസർ, വെങ്ങല്ലൂർ പി.ഒ, തൊടുപുഴ.ഫോൺ 04862 200108, റസ്‌ക്യു ഓഫീസർ 9961570371.ചൈൽഡ്‌ലൈൻ ടോൾഫ്രീ നം. 1098