തൊടുപുഴ : നഗരസഭ പരിധിയിൽ 45 വയസ്സിനു മുകളിലുളളവർക്ക് സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിൻ സൗകര്യം ലഭ്യമാക്കുമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്ജ് അറിയിച്ചു. 60 വയസ്സിനു മുകളിലുളള എല്ലാവരുടേയും വാക്‌സിനേഷൻ അടിയന്തിരമായി പൂർത്തിയാക്കുകയും 18 നും 45 നും ഇടയിൽ പ്രായമുളള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുന്നവരിൽ വാക്‌സിൻ എടുക്കാത്തവരെ കണ്ടെത്തി വാക്‌സിൻ നൽകും. കൊവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളും കൊവിഡാനന്തര രോഗ പരിചരണ പ്രവർത്തനങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പുരോഗതിയും ചർച്ച ചെയ്യുന്നതിന് നഗരസഭ ഓഫീസിൽ ചേർന്ന ഇന്റർ സെക്ടറൽ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. നിലവിൽ നഗരപരിധിയിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. പ്രീതി വിശദീകരിച്ചു.
നഗരസഭ പരിധിയിൽ ആദ്യമായി ചെളള്പനി റിപ്പോർട്ട് ചെയ്തിട്ടുളളതായി ആർ.എം.ഒ അറിയിച്ച സാഹചര്യത്തിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും, മറ്റ് പ്രതിരോധ പ്രവർത്തനങ്ങളും തുടരുന്നതിന് യോഗം തീരുമാനിച്ചു . ഫോഗിംഗ്, കാട് വെട്ടി വൃത്തിയാക്കൽ ഉൾപ്പടെയുളള തുടർപ്രവർത്തനങ്ങൾക്ക് ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട് . ജലവിതരണ പൈപ്പുകളിലേയ്ക്ക് അഴുക്കുവെളളം കലർന്ന് കുടിവെളളം മലിനമാകുന്ന സാഹചര്യം ഒഴിവാക്കുന്നതിന് വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കും. പി.ഡബ്‌ള്യൂ.ഡി റോഡുകളുടെ ഇരുവശങ്ങളിലുമുളള ഓടകൾ വൃത്തിയാക്കുന്നതിനും ഗതാഗതത്തിന് തടസ്സമായി നിൽക്കുന്ന മരശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനും, ഉപേക്ഷിച്ച നിലയിൽ കാണുന്ന ഒഴിഞ്ഞ ടാർ വീപ്പകൾ റോഡ് സൈഡിൽനിന്നും നീക്കം ചെയ്യുന്നതിനുമുളള നടപടികൾ പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കും.
കൊവിഡ് രോഗമുക്തരായവരിൽ കണ്ടുവരുന്ന മറ്റ് അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് ആയുർവേദ ആശുപത്രികളിൽ പ്രത്യേക ചികിത്സാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് . ഇതിനായി പ്രത്യേക ഡോക്ടർമാരേയും നിയോഗിച്ചിട്ടുണ്ട്.
നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിതകർമ്മസേനാംഗങ്ങൾ, തൊഴിലുറപ്പ് പദ്ധതിയിൽ പണിയെടുക്കുന്നവരിൽ എലിപ്പനി, ഡെങ്കിപ്പനി രോഗസാധ്യതകൾ ഉളളതിനാൽ അവർക്ക് പ്രതിരോധമരുന്നുകൾ നൽകുന്നതിനും തീരുമാനിച്ചു.
യോഗത്തിൽ വൈസ് ചെയർപേഴ്‌സൺ ജെസ്സി ജോണി, ആരോഗ്യകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എം.എ.കരിം, നഗരസഭാ സെക്രട്ടറി ബിജുമോൻ ജേക്കബ്, ആർ.എം.ഒ ഡോ.പ്രീതി, സെക്ടറൽ മജിസ്ട്രറ്റ് തോമസ്.പി.ജോഷ്വ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.