 ഒക്ടോബർ രണ്ടിന് ഉദ്ഘാടനം ചെയ്യും  ശേഷിക്കുന്ന ജോലിക്ക് രണ്ട് കോടി

തൊടുപുഴ: വർഷം എട്ട് കഴിഞ്ഞിട്ടും പണി പൂർത്തിയാക്കി തുറന്ന് കൊടുക്കാതിരുന്ന തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശനിദശ മാറ്റാൻ ഒടുവിൽ മന്ത്രിയുടെ ഇടപെടൽ. അവശേഷിക്കുന്ന നിർമാണ പ്രവർത്തികൾ പൂർത്തിയാക്കി ഡിപ്പോ ഒക്ടോബറിൽ തുറക്കാൻ തീരുമാനം. പി.ജെ. ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടതനുസരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ ഒക്ടോബർ രണ്ടിന് പുതിയ ഡിപ്പോ ഉദ്ഘാടനം ചെയ്യാനാണ് തീരുമാനം. അവശേഷിക്കുന്ന ജോലികളുടെ പൂർത്തീകരണത്തിന് രണ്ടു കോടി രൂപ അടിയന്തരമായി അനുവദിക്കും. ജൂലായ് 19ന് ഗതാഗത മന്ത്രി പങ്കെടുക്കുന്ന അവലോകന യോഗം തൊടുപുഴയിൽ നടക്കും. ഫ്ളോറിംഗ്, ഫയർ ആന്റ് സേഫ്‌റ്റി, യാത്രക്കാർക്കുള്ള സൗകര്യങ്ങൾ, ആഫീസ് സജ്ജീകരിക്കൽ, പെയിന്റിംഗ് അടക്കമുള്ള ജോലികളാണ് ഇനി പൂർത്തിയാക്കാനുള്ളത്. നിർമാണ പ്രവർത്തികൾ വേഗത്തിൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനം എടുത്തു. കെ.എസ്.ആർ.ടി.സി മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

നിർമാണം അവസാന ഘട്ടം വരെ പൂർത്തിയാക്കിയിട്ടും ഡിപ്പോ തുറന്നു നൽകാത്തതിനെ തുടർന്ന് ഏറെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനു മുമ്പും അത്യാവശ്യ അറ്റകുറ്റപ്പണികൾ നടത്തി ഡിപ്പോ തുറക്കാൻ ഒട്ടേറെ തവണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കെട്ടിടവും ബസ് പാർക്ക് ചെയ്യാനുമുള്ള സൗകര്യങ്ങളുമെല്ലാം ഒരുക്കിയെങ്കിലും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കാത്തതും സാങ്കേതിക തടസങ്ങളും കാരണം തുറക്കൽ അനിശ്ചിതമായി നീണ്ടു. നിലവിൽ ഡിപ്പോ പ്രവർത്തിക്കുന്ന നഗരസഭയുടെ ലോറി സ്റ്റാൻഡിൽ യാത്രക്കാർക്കും ജീവനക്കാർക്കും യാതൊരു അടിസ്ഥാന സൗകര്യവുമില്ല. ഇവിടെ നിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സിക്ക് നഗരസഭ പലതവണ കത്തും നൽകിയതാണ്. തൊടുപുഴയിലെ കെ.എസ്.ആർ.ടിസിയുടെ സ്റ്റാന്റിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ നിരാഹാര മടക്കമുള്ള നിരവധി സമരങ്ങൾ നടത്തിയിരുന്നു. പുതിയ ബസ് സ്റ്റാൻഡ് ഉടൻ തുറന്ന് നൽകുമെന്ന പല്ലവി പലതവണ കേട്ടുമടുത്ത ജനം ഇത്തവണയെങ്കിലും ലോറി സ്റ്റാൻഡിലെ ചെളിക്കുണ്ടിൽ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്ന പ്രാർത്ഥനയിലാണ്.

എട്ട് വർഷത്തെ കാത്തിരിപ്പ്

ഇടുക്കിയിലെ ആദ്യ ആധുനിക കെ.എസ്.ആർ.ടി.സി ടെർമിനൽ ലക്ഷ്യമിട്ടാണ് എട്ട് വർഷം മുമ്പ് നിർമ്മാണം ആരംഭിച്ചത്. 2013 ജനുവരി പത്തിനാണ് നിർമാണം ആരംഭിച്ചത്. സർക്കാർ ഏജൻസിയായ കിറ്റ്‌കോയുടെ മേൽനോട്ടത്തിൽ മൂവാറ്റുപുഴയിലെ കൺസ്ട്രക്ഷൻ കമ്പനിക്കായിരുന്നു നിർമാണ ചുമതല. 12.5 കോടി കണക്കാക്കിയ നിർമാണച്ചെലവ് പിന്നീട് 16 കോടിയായി ഉയർന്നു. രണ്ടര വർഷമായിരുന്നു നിർമാണ കാലാവധി പറഞ്ഞിരുന്നെങ്കിലും പല കാരണങ്ങളാൽ ഇടയ്ക്ക് നിർമാണം മുടങ്ങി. ഇതുമൂലം ലക്ഷക്കണക്കിന് രൂപ കോർപറേഷന് നഷ്ടമായി. പി.ജെ. ജോസഫ് എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ കൂടി അനുവദിച്ചെങ്കിലും നിർമാണം മാത്രം പൂർത്തിയായില്ല.

അത്യാധുനിക സൗകര്യങ്ങൾ

40 ബസുകൾ ഒരേസമയം പാർക്ക് ചെയ്യാനും പത്തു ബസുകൾക്ക് ഒരേസമയം യാത്രക്കാരെ കയറ്റി ഇറക്കി പോകാനുമുള്ള സൗകര്യം, ജീവനക്കാർക്ക് വിശ്രമത്തിനും പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യം, ഏറ്റവും താഴത്തെ നിലയിൽ പാർക്കിംഗ്, ഒന്നാം നിലയിൽ ബസ് സ്റ്റാൻഡ് രണ്ടും മൂന്നും നിലകളിൽ ആഫീസുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഏറ്റവും മുകളിലെ നിലയിൽ സിനിമാ തിയേറ്റർ എന്നിങ്ങനെയായിരുന്നു പുതിയ ഡിപ്പോയിലെ ക്രമീകരണങ്ങൾ. ഗാരേജിൽ പത്തോളം ബസുകൾ ഒരേസമയം അറ്റകുറ്റ പണികൾ നടത്താൻ കഴിയും.