വെള്ളിയാമറ്റം: എക്കാലവും ദുരിതജകവിതം മാത്രം വിധിക്കപ്പെട്ടിരിക്കുകയാണ് നാളിയാനി ആദിവാസി മേഖലയിലെ ജനങ്ങൾ . പുറം ലോകവുമായി ബന്ധപ്പെടാൻപോലും പലപ്പോഴും കഴിയാത്ത അവസ്ഥയാണുള്ളത്.. വെള്ളിയാമറ്റം പഞ്ചായത്തിലെ 9,10 വാർഡുകളിലായിട്ടാണ് നാളിയാനി ആദിവാസി പ്രദേശം.100 ൽപരം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കോച്ചേരിക്കടവ് റോഡിൽ നിന്നും വടക്കനാർ കടന്ന് വേണം ഇവിടെയുള്ളവർക്ക് തങ്ങളുടെ ഊരുകളിലെത്താൻ. മഴക്കാല ആരംഭത്തിൽ വടക്കാനാർ നിറഞ്ഞ് ഒഴുകി വെള്ളത്തിന്റെ ശക്തമായ കുത്തിയൊഴുക്കിനെ തുടർന്ന് ഇവിടുത്തുകാർക്ക് പുറംലോകംവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയുമാണ്. ആശുപത്രി സംബന്ധമായ പെട്ടന്നുള്ള ആവശ്യങ്ങൾക്ക് വടക്കനാർ കടന്ന് മാറുകരയിൽ ഏത്തപ്പെടുക എന്നത് പ്രദേശവാസികൾക്ക് ഏറെ ക്ളേശകരവുമാണ്. പ്രധാന റോഡ് കടന്ന് ഇവിടേക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിക്കാൻ പോലും പറ്റാത്ത സാഹചര്യവും ഇതാേടെയുണ്ടാകും. സ്കൂൾ, കോളേജ് പഠന സമയങ്ങളിൽ നിറഞ്ഞൊഴുകുന്ന വടക്കനാർ കടന്ന് മറുകര എത്താൻ കഴിയാതെ ഇവിടെയുള്ള വിദ്യാർഥികൾ മാസങ്ങളോളം തിരികെ വീടുകളിലേക്ക് ഏത്തപ്പെടുന്ന സംഭവങ്ങളുമുണ്ട്. ഏറെ വർഷങ്ങളുടെ പഴക്കമുള്ള പ്രദേശവാസികളായ ആദിവാസി വിഭാഗങ്ങളുടെ ദുരിതത്തിന് അറുതി വരാൻ ഒരു പാലം കൂടിയേ തീരു. ഇത് സംബന്ധിച്ച് പ്രദേശവാസികൾ അധികൃതർക്ക് മുന്നിൽ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അതെല്ലാം അവഗണിക്കപ്പെട്ടു.

വൃദ്ധയെ വീട്ടിൽ

എത്തിച്ചത് സ്ട്രക്ച്ചറിൽ

കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായ വൃദ്ധയെ വടക്കനാറിലെ കുത്തൊഴുക്ക് കടന്ന് വീട്ടിൽ എത്താൻ കഴിയാത്ത അവസ്ഥയായി. ഇതേ തുടർന്ന് അഗ്നിശമന വിഭാഗവും ഡിഫൻസ് ഫോഴ്സ് ടീം അംഗങ്ങളും എത്തി സ്ട്രക്ച്ചറിലാണ് അവരെ വീട്ടിൽ എത്തിച്ചത്.