ഇന്നലെ 3.2 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
കുമളി: കുമളി അതിർത്തി ചെക്‌പോസ്റ്റ് വഴി പച്ചക്കറി വാഹനങ്ങളിൽ കേരളത്തിലേക്കുള്ള കഞ്ചാവ് കടത്ത് വ്യാപകമാകുന്നു. തുടർച്ചയായ രണ്ടു ദിവസങ്ങളിൽ പിടികൂടിയത് അഞ്ചുകിലോ ഉണക്ക കഞ്ചാവാണ്. ലോക്ഡൗണിനെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ മാത്രമാണ് എത്തുന്നത്. പച്ചക്കറികൾ കൊണ്ടു വരുന്ന വാഹനങ്ങളിൽ ഉദ്യോഗസ്ഥർ കാര്യമായ പരിശോധനകൾ നടത്തില്ലെന്ന് കരുതിയാണ് കഞ്ചാവ് ഉൾപ്പെടെയുള്ളവ ഇതിന്റെ മറവിൽ കടത്തുന്നത്. തിങ്കളാഴ്ച രാത്രിയോടെയാണ് പച്ചക്കറി കയറ്റി വന്ന മിനിലോറിയിൽ ഉണ്ടായിരുന്ന കോട്ടയം മീനച്ചിൽ സ്വദേശികളായ മൂന്നിലവ് ഏലൂർ വീട്ടിൽ ശ്രീജിത്ത് (23), കിടങ്ങൂർ കീച്ചേരികുന്നിൽ വീട്ടിൽ സതീഷ് (33) എന്നിവരെ 3.2 കിലോഗ്രാം കഞ്ചാവുമായി ഉദ്യോഗസ്ഥർ പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റിവന്ന വാഹനത്തിലെ കാബിനിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്ത്. തമിഴ്‌നാട്ടിലെ കമ്പത്തു നിന്ന് കഞ്ചാവ് വാങ്ങിയതെന്നാണ് ഇവർ മൊഴി നൽകിയത്. എക്‌സൈസ് ഇൻസ്‌പെക്ടർ വി.ജെ റോയ്, പ്രിവന്റീവ് ആഫീസർമാരായ ബെന്നി ജോസഫ്, രവി. വി, എക്‌സൈസ് ഇന്റലിജൻസ് ആന്റ് ഇൻഫർമേഷൻ ബ്യൂറോയിലെ ഉദ്യോഗസ്ഥരായ സേവ്യർ പി.ഡി, പ്രിവന്റീവ് ഓഫീസർമാരായ രാജ്കുമാർ ബി, സജിമോൻ ജി. തുണ്ടത്തിൽ, സിവിൽ എക്‌സൈസ് ആഫീസർമാരായ അനീഷ് ടി.എ, ഷൈൻ ടി എന്നിവർ ചേർന്നാണ് കഞ്ചാവുമായി ഇവരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വാഴക്കുല കയറ്റി വന്ന പിക്അക്ക് വാഹനത്തിൽ നിന്ന് രണ്ട് കിലോ കഞ്ചാവ് പിടികൂടിയരുന്നു. വണ്ടിപ്പെരിയാർ മുങ്കലാർ സ്വദേശി മാണിക് സുമനെ (23) ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തിരുന്നു. കോട്ടയത്തുള്ള വ്യക്തികൾക്കു വേണ്ടിയാണു കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി മൊഴി നൽകിയിരുന്നു.