തൊടുപുഴ: ഇന്നലെ പെയ്ത കനത്ത മഴയിൽ തൊടുപുഴ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടായി. നഗരസഭ ഓടകളൊക്കെ വൃത്തിയാക്കിയെങ്കിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന മണക്കാട് ജംഗ്ഷനിൽ ഇന്നലെയും വെള്ളംപൊങ്ങി. ഇതുകൂടാതെ പതിവില്ലാതെ സെന്റ് മേരീസ് ആശുപത്രിക്ക് സമീപം വെള്ളക്കെട്ടുണ്ടായി. ഇവിടെ കെ.എസ്.ഇ.ബി അധികൃതർ ടച്ച് വെട്ടുന്നതിന്റെ ഭാഗമായി മുറിച്ച് മാറ്റിയ മരച്ചില്ലകൾ സമീപത്തെ ഓടയിൽ ഇട്ടിരുന്നു. തുടർന്ന്ഓടയിലൂടെ വെള്ളം ഒഴുകി പോകാതെയാണ് ഇവിടെ വെള്ളം പൊങ്ങിയത്. ഇതോടെ ആംബുലൻസുകളടക്കമുള്ള വാഹനങ്ങൾ വെള്ളത്തിലായി. ടച്ച് വെട്ടുമ്പോൾ ഓടയിൽ ഇടരുതെന്ന് ആംബുലൻസ് ഡ്രൈവർമാരടക്കം പറഞ്ഞപ്പോൾ അത് നഗരസഭ നീക്കം ചെയ്യുമെന്ന് പറഞ്ഞ് ഇവർ പോവുകയായിരുന്നത്രേ.