cinema

കൊവിഡ് വ്യാപന തീവ്രതയിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലും സിനിമയേയും അതിനോടൊപ്പം നിൽക്കുന്നവരേയും ചേർത്ത് പിടിക്കുകയാണ് നിർമാതാക്കളായ ഏതാനും സുഹൃത്തുക്കൾ. ടി.കെ.രാജീവ്‌ കുമാർ സംവിധാനം ചെയ്ത 'ബർമൂഡ'യുടെ നിർമ്മാതാക്കളായ സുരാജ്.സി.കെ, ബിജു.സി.ജെ, ബാദുഷ.എൻ.എം, കെ.എം.കമലിന്റെ 'പട'യുടെ നിർമ്മാതാക്കളായ മുകേഷ് ആർ.മേത്ത, എ.വി.അനൂപ്, സി.വി.സാരഥി, സിബി മലയിലിന്റെ 'കൊത്ത്‌' സിനിമയുടെ നിർമ്മാതാക്കളായ രഞ്ജിത്ത്, പി.എം.ശശീധരൻ എന്നിവരാണ് തങ്ങളുടെ സിനിമയ്ക്കായി പ്രവർത്തിക്കുന്ന മുഴുവൻ ആളുകൾക്കും കൊവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്ക്‌ തുടക്കം കുറിച്ചത്. കൊവിഡ് രണ്ടാം ഘട്ട ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുൻപ് ഈ മൂന്ന് സിനിമകളുടേയും ആദ്യ ഷെഡ്യൂൾ ആരംഭിച്ചിരുന്നു. എന്നാൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ഷൂട്ടിംഗ് നിർത്തിവയ്ക്കേണ്ടതായി വന്നു. നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിനനുസരിച്ച് അടുത്ത ഷെഡ്യൂൾ ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. മറ്റ് മേഖലകൾ പോലെ സിനിമ പ്രവർത്തകരും സമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലാണ്. സ്വന്തമായി വാക്സിനേഷൻ എടുക്കാൻ പോലും സാഹചര്യം ഇല്ലാത്ത സിനിമാ പ്രവർത്തകരുണ്ട്. അത് കൊണ്ടാണ് താനും കൂടി നിർമ്മാണ പങ്കാളിയാകുന്ന സിനിമയുടേയും മറ്റ് രണ്ട് സിനിമകളുടേയും നിർമ്മാതാക്കൾ വാക്സിനേഷൻ സൗജന്യമായി നൽകാൻ മുന്നിട്ടിറങ്ങിയതെന്ന് ബാദുഷ.എൻ.എം പറഞ്ഞു. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും തെഴിൽ ലഭിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതുപോലുള്ള ഉദ്യമത്തിന് ശ്രമിക്കുന്നതെന്നും തുടർന്ന് താൻ പ്രവർത്തിക്കുന്ന എല്ലാ സിനിമകളിലും ഈ രീതി അവലംബിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

"ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകിയാലും ഏല്ലാവർക്കും വാക്സിനേഷൻ നിർബന്ധമാക്കും. സിനിമയിലെ എല്ലാ സംഘടനകളും തങ്ങളുടെ അംഗങ്ങൾക്ക് സൗജന്യ വാക്സിനേഷൻ സൗകര്യമൊരുക്കേണ്ടതാണ്

- ബാദുഷ എൻ.എം"