നാടൻ തോക്ക് ഉപയോഗം വ്യാപകം  തടയാൻ നടപടിയില്ല
തൊടുപുഴ: നാടൻ തോക്കിന്റെ അനധികൃത നിർമാണവും ഉപയോഗവും വർദ്ധിച്ചിട്ടും തടയാൻ സാധിക്കുന്നില്ല. കുറ്റകൃത്യങ്ങളിലടക്കം നാടൻ തോക്ക് ഉപയോഗിക്കുന്ന പ്രവണത ജില്ലയിൽ കൂടിയിട്ടും ഇതിനെതിരെ ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ല. വന്യമൃഗ വേട്ടയ്‌ക്കെന്ന പേരിലാണ് തോക്കുകൾ കൈവശം വയ്ക്കുന്നതെങ്കിലും പലപ്പോഴും ഇത് മനുഷ്യർക്ക് നേരെയും ചൂണ്ടാറുണ്ട്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് മറയൂർ പാളപ്പെട്ടയിൽ ആദിവാസി യുവതിയെ സഹോദരിയുടെ മകൻ നാടൻ തോക്കുപയോഗിച്ച് വെടിവച്ചു കൊന്നത്. വനമേഖലയിൽ നിന്ന് ചന്ദനമരം മുറിച്ചുകടത്തുന്നത് സംബന്ധിച്ച് വനംവകുപ്പിന് വിവരം നൽകിയതിന്റെ വൈരാഗ്യത്തിലാണ് ചന്ദ്രിക (30) യെന്ന യുവതിയെ വെടിവച്ചു കൊലപ്പെടുത്തിയത്. അതിന് മുമ്പ് 2019 ജൂലായിൽ കൂലിതർക്കത്തെ തുടർന്ന് കരിമണ്ണൂരിൽ ഒരു കുടുംബത്തിലെ നാല് പേർക്കെതിരെ ഒരാൾ നാടൻ തോക്കുപയോഗിച്ച് വെടിയുതിർത്തിരുന്നു. നാടൻ തോക്കുപയോഗിച്ചുള്ള വെടിവയ്പ്പിൽ കുടുംബാംഗങ്ങൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ലൈസൻസില്ലാത്ത നാടൻതോക്കുകളാണ് ഇവയിൽ ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഉപയോഗിക്കപ്പെടുന്നത്. ജില്ലയിൽ നാനൂറിൽ താഴെ പേർക്ക് മാത്രമാണ് തോക്കിന് ലൈസൻസുള്ളവർ. എന്നാൽ ലൈസൻസില്ലാതെ തോക്ക് കൈവശം വയ്ക്കുന്നവർ അതിന്റെ രണ്ടിരട്ടി വരും. ഇത്തരക്കാർക്ക് രഹസ്യമായി തോക്ക് നിർമിച്ച് നൽകുന്നവർ ജില്ലയിൽ സജീവമാണ്.
ലൈസൻസ് കിട്ടാൻ
തോക്ക് ലൈസൻസിന് അപേക്ഷ കൊടുക്കേണ്ടത് അതത് ജില്ലാ കളക്ടർമാർക്കാണ്. കളക്ടർ അത് എ.ഡി.എമ്മിന്റെ ഓഫീസിനെ ഏൽപ്പിക്കുന്നു. പരിശോധന കഴിഞ്ഞാൽ ജില്ലാ പൊലീസ് മേധാവിക്കോ പൊലീസ് കമ്മീഷണർക്കോ കൈമാറും. അപേക്ഷിച്ച ആളിനെപ്പറ്റി വിശദമായി പൊലീസ് അന്വേഷിക്കും. അർഹതയുണ്ടെങ്കിൽ രണ്ടുമാസത്തിനുള്ളിൽ ലൈസൻസ് കിട്ടും. അഞ്ച് വർഷമാണ് ലൈസൻസ് കാലാവധി. ലൈസൻസ് എപ്പോൾ വേണമെങ്കിലും റദ്ദാക്കാനും കളക്ടർക്ക് അധികാരമുണ്ട്. നിരവധി പേർ തോക്കിന് ലൈസൻസ് തേടി കളക്ട്രേറ്റിൽ സമീപിക്കുന്നുണ്ട്.
ഇവർക്ക് കിട്ടില്ല
ക്രിമിനൽ കേസിലെ പ്രതികളായിട്ടുള്ളവർ, സ്ത്രീകളെയും കുട്ടികളെയും ദ്രോഹിച്ചിട്ടുളളവർ, ശിക്ഷിയ്ക്കപ്പെട്ട് ജയിലിൽ കിടന്നിട്ടുള്ളവർ, സാമൂഹിക വിരുദ്ധർ, മാനസികരോഗമുള്ളവർ, പൊലീസ് സംരക്ഷണം ഉള്ളവർ, ഏതെങ്കിലും ക്രിമിനൽ കേസുകൾ കോടതിയിൽ ഉള്ളവർ.
തോക്ക് വാങ്ങാൻ
തോക്ക് ലൈസൻസ് കിട്ടുന്നവർ സർക്കാർ അംഗീകൃത തോക്ക്/ ആയുധ വിൽപന കേന്ദ്രങ്ങളിൽ നിന്നേ തോക്ക് വാങ്ങാവൂ. ലൈസൻസ് കാണിച്ചാലെ തോക്ക് ലഭിക്കൂ. റൈഫിളോ, പിസ്റ്റലോ ഏത് വേണമെന്ന് ലൈസൻസ് കിട്ടുന്ന ആളിന് തീരുമാനിക്കാം. നിശ്ചിത വില നൽകി വാങ്ങിയ തോക്ക് അതത് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കണം. അവിടെ തോക്കിന്റെ വിശാദാംശങ്ങളും കമ്പനിയും മറ്റും രേഖപ്പെടുത്തും. ഉപയോഗിക്കാൻ അറിയില്ലെങ്കിൽ പൊലീസ് തന്നെ പഠിപ്പിക്കും. സ്വയം രക്ഷയ്ക്ക് ഉപയോഗിക്കേണ്ടി വന്നാൽ കാൽ മുട്ടിനും താഴെ വെടിവെയ്ക്കാം.