കട്ടപ്പന : പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടുമുറ്റത്ത് ഇരുചക്ര വാഹനം ഉരുട്ടി പ്രതിഷേധിച്ചു. ക്രൂഡോയിലിന്റെ വില താഴ്ന്നു നിൽക്കുന്ന സാഹചര്യത്തിലും പെട്രോളിന്റെ വില നൂറ് രൂപാ കടന്നിട്ടും വില പിടിച്ചു നിർത്താൻ ഇടപെടാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ പ്രതിഷേധമായാണ് സമരം സംഘടിപ്പിച്ചത്. കൊവിഡ് കാലഘട്ടത്തിലും അടിക്കടിയുണ്ടാകുന്ന വിലവർദ്ധനവ് എല്ലാ മേഖലകളിലും വിലക്കയറ്റം സൃഷ്ടിച്ചിരിക്കുകയാണ്.രാജ്യമൊട്ടാകെ ഒറ്റ നികുതിയെന്ന സമ്പ്രദായത്തിലേക്ക് നീങ്ങിയപ്പോഴും പെട്രോളിയം ഉത്പ്പന്നങ്ങളെ ജി. എസ്.ടി യുടെ കീഴിൽ കൊണ്ടുവരാത്തത് അംഗീകരിക്കാനാകില്ല. സമീപ രാജ്യങ്ങളേക്കാൾ കൂടിയ തുക നാം നൽകേണ്ടിവരുന്നത് ഭീമമായ നികുതി നമ്മളിൽ അടിച്ചേല്പിക്കുന്നതുകൊണ്ടാണ്. ഉപഭോക്താക്കൾക്ക് പാചക വാതക സബ്‌സിഡി നൽകുന്നതിൽ വലിയ അഴിമതിയാണ് നടക്കുന്നതെന്നും സബ്‌സിഡി ഇനത്തിൽ കോർപ്പറേറ്റ് ഭീകരൻമാർക്ക് നൽകുന്ന തുക ജനങ്ങളുടെ നികുതിപ്പണം തന്നെയായതിനാൽ വിലവർധനവിലൂടെ അധിക ഭാരം അടിച്ചേൽപ്പിക്കുകയാണെന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ പറഞ്ഞു.
കേരളാ കോൺഗ്രസ് (എം) നേതാക്കളായ അഡ്വ. അലക്‌സ് കോഴിമല, പ്രൊഫ. കെ.ഐ ആന്റണി, രാരിച്ചൻ നീറണാംകുന്നേൽ, റെജി കുന്നംകോട്ട്, അഗസ്റ്റിൻ വട്ടക്കുന്നേൽ, ഷാജി കാഞ്ഞമല, ജിമ്മി മറ്റത്തിപ്പാറ, ജിൻസൺ വർക്കി, സൺസി മാത്യു, അഡ്വ. എം.എം മാത്യു , കുര്യാക്കോസ് ചിന്തർമണി, ടോമി പകലോമറ്റം, മനോജ് എം. തോമസ്, ജയകൃഷ്ണൻ പുതിയേടത്ത് കെ.ജെ സെബാസ്റ്റ്യൻ എന്നിവർപ്രതിഷേധ സമരത്തിന് നേതൃത്വം നൽകി.