തൊടുപുഴ: പെട്രോളിയം ഉത്പന്നങ്ങളുടെ വിലയിൽ തുടർച്ചയായി ഭീമമായ വർദ്ധനവ് വരുത്തി ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ അദ്ധ്യാപകരും ജീവനക്കാരും ഇന്ന് എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജില്ലയിൽ 160 കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തും.
കേന്ദ്രസർക്കാർ ഓഫീസുകൾ മുന്നിലും മറ്റ് പൊതു കേന്ദ്രങ്ങളിലുമാണ് സമരം നടക്കുന്നത്.കഴിഞ്ഞ മൂന്ന് മാസത്തിനിടെ 37 തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്.കൊവിഡ് കാലത്ത് പ്രക്ഷോഭങ്ങളുടെ പരിമിതിയെ
അവസരമാക്കി ജനദ്രോഹ നയങ്ങൾ അടിച്ചേൽപ്പിക്കുകയാണ് കേന്ദ്ര സർക്കാർ. ജോലിയും കൂലിയും നഷ്ടപ്പെട്ട ജനങ്ങൾക്ക് സർക്കാർ ഒരു സഹായവും നൽകുന്നില്ലെന്നു മാത്രമല്ല അടിക്കടി വില വർദ്ധിപ്പിച്ചു കൂടുതൽ ദ്രോഹിക്കുകയുമാണ്. ഇന്നത്തെ പ്രക്ഷോഭം വിജയിപ്പിക്കാൻ എഫ് എസ് ഇ ടി ഒ ജില്ലാ പ്രസിഡന്റ് ഷാമോൻലൂകും ജില്ലാ സെക്രട്ടറി സി .എസ്. മഹേഷും മുഴുവൻ ജീവനക്കാരോടും അദ്ധ്യാപകരോടും അഭ്യർത്ഥിച്ചു.